27 കോടിയിലേറെ പിരിച്ചതായി തെളിഞ്ഞു ; പണം പിരിച്ചിട്ടില്ലെന്ന ബാറുടമ സംഘടനയുടെ വാദം പൊളിയുന്നു

പണപ്പിരിവ് നടത്തിയിട്ടില്ലെന്ന ബാറുടമകളുടെ സംഘടനയുടെ വാദം പൊളിയുന്നു. ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെതിരായി നടന്ന അന്വേഷണത്തില്‍ ബാറുടമകള്‍ 27 കോടിയിലധികം പിരിച്ചതായി കണ്ടെത്തിയിരുന്നു. തുക എന്തിനെന്ന് കണ്ടെത്താതെ അന്വേഷണം അവസാനിപ്പിച്ചാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചതായി മീഡിയാ ഓണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ബാറുടമകളുടെ ഈ വാദം പൊളിയ്ക്കുന്നതാണ് വിജിലന്‍സിന്റെ കണ്ടെത്തലുകള്‍. ബാര്‍ കോഴക്കേസിലെ മുന്‍ മന്ത്രി കെ ബാബുവിനെതിരായ പ്രാഥമിക അന്വേഷണത്തില്‍ 2011 മുതല്‍ 2014 വരെയുള്ള കാലയളവില്‍ പണം പിരിച്ചെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്. 27,79,89,098 രൂപയാണ് ബാറുടമകള്‍ പിരിച്ചത്. ഈ തുക എന്തിന് ഉപയോഗിച്ചെന്ന് കണ്ടെത്താതെയാണ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും വ്യക്തമായി.

ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്ക് കോഴ നല്‍കിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ തള്ളി ബാറുടമകളുടെ സംഘടന രംഗത്തെത്തിയിരുന്നു. പണം പിരിക്കുകയോ ആര്‍ക്കും നല്‍കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു ബാറുടമയും ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ പ്രസിഡന്റുമായ വി സുനില്‍ കുമാറിന്റെ പ്രതികരണം. നിയമ നടപടികള്‍ക്കായി പണം പിരിച്ചിരുന്നുവെന്ന് നേരത്തെ ബാറുടമകള്‍ അവകാശപ്പെട്ടിരുന്നെങ്കിലും ഇതിന് തെളിവ് പുറത്ത് വിടാന്‍ ഉടമകള്‍ക്ക് കഴിഞ്ഞിരുന്നില്ല.