ഷോറൂമില്‍ ഡിസ്‌പ്ലേക്ക് വെച്ച ഒന്നര ലക്ഷം രൂപയുടെ ബൈക്കുമായി യുവാവ് മുങ്ങി
ബൈക്ക് വാങ്ങാന്‍ ഷോറൂമിലെത്തിയ യുവാവ് ഡിസ്‌പ്ലേക്ക് വെച്ച ഒന്നര ലക്ഷം രൂപയുടെ ബൈക്കുമായി മുങ്ങി. കൊല്ലങ്കോട് ചിക്കണാമ്പാറയിലെ യമഹ ഷോറൂമിലാണ് സംഭവം. 1.50 ലക്ഷം രൂപയുടെ പുത്തന്‍ യമഹ എഫ്ഇസഡാണ് മോഷണം പോയതെന്ന് ഷോറും അധികൃതര്‍ പറഞ്ഞു.
ബുധനാഴ്ച ദിവസം ഉച്ചക്കു രണ്ടിനാണ് മോഷണം നടന്നത്. ബൈക്കിന്റെ വിവരങ്ങള്‍ അന്വേഷിക്കാന്‍ എന്ന പേരില്‍ ഷോറൂമിലെത്തിയ യുവാവ് പെട്ടെന്ന് തന്നെ മുമ്പില്‍ വെച്ചിരുന്ന ബൈക്കെടുത്ത് മുങ്ങുകയായിരുന്നു. ഗോവിന്ദപുരം ഭാഗത്തേക്കാണ് പോയതെന്ന് ഷോറൂമിലെ ജോലിക്കാര്‍ പറഞ്ഞു.
സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ആദര്‍ശ് എന്ന പേരിലാണ് ഇയാള്‍ ഷോറൂമിലെത്തിയത്. ബൈക്കുമായി തമിഴ്നാടിലേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.