ദുര്‍മന്ത്രവാദി എന്ന് ആരോപിച്ച് സോഫ്റ്റ്വെയര്‍ എഞ്ചിനീയറെ ജീവനോടെ കത്തിച്ചു

ദുര്‍മന്ത്രവാദം ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് സോഫ്റ്റ്വെയര്‍ എഞ്ചിനീയറെ ജീവനോടെ കത്തിച്ചു. തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലയിലാണ് സംഭവം. ബംഗളുരു കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന റചര്‍ല പവന്‍ കുമാര്‍ എന്ന 38കാരനായ യുവാവിനെയാണ് ബന്ധുക്കള്‍ കത്തിച്ചു കൊന്നത്. കഴിഞ്ഞ ദിവസം തെലങ്കാനയിലെ ബന്ധുവീട്ടില്‍ എത്തിയ ഇയാളെ ദുര്‍മന്ത്രവാദം ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് ബന്ധു തീകൊളുത്തി കൊല്ലുകയായിരുന്നു.

കൊല്ലപ്പെട്ട യുവാവിന്റെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മന്ത്രവാദം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൃത്യത്തില്‍ പവന്‍ കുമാറിന്റെ ഭാര്യയുടെ ബന്ധുക്കള്‍ക്ക് നേരേയാണ് സംശയം.

പവനിന്റെ ഭാര്യ കൃഷ്ണവേണിയുടെ സഹോദരനായ ജഗന്‍ ഈയടുത്താണ് അസുഖബാധിതനായി മരിച്ചത്. തുടര്‍ന്ന് കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതിനായാണ് യുവാവ് ഭാര്യക്കൊപ്പം ഇവിടെയെത്തിയത്. ഇവിടെ ഒരു ക്ഷേത്രത്തിന് സമീപത്തെ താത്ക്കാലിക ഷെഡിലായിരുന്ന ജഗന്റെ ഭാര്യ സുമലതയെ കാണാന്‍ എത്തുകയും അവിടെ വെച്ച് സുമലതയും ബന്ധുക്കളും ചേര്‍ന്ന് ഇയാളെ ഒരു മുറിയിലിട്ട് പൂട്ടിയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.