സ്ത്രീകളുടെ ശബ്ദത്തില്‍ കാള്‍ വിളിച്ച് ഫേസ്ബുക്കിലൂടെ യുവാക്കളുടെ പണം തട്ടുന്ന സംഘം പിടിയില്‍
സ്ത്രീകളുടെ പേരിലുളള വ്യാജ പ്രൊഫൈലുണ്ടാക്കി യുവാക്കളുമായി സൗഹൃദം സ്ഥാപിച്ച് പണം തട്ടുന്ന സംഘം പിടിയില്‍. സ്ത്രീശബ്ദത്തില്‍ യുവാക്കളുമായി ശബ്ദസന്ദേശം അയക്കുകയും പിന്നീട് അവരുടെ സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്ന സംഘമാണ് പിടിയിലായത്.
സമൂഹമാദ്ധ്യമ അക്കൗണ്ടുകളും ഇ വാലറ്റുകളും ഉപയോഗിച്ച് മാത്രം പണം തട്ടുന്ന ഇവര്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെ പക്കല്‍ നിന്നും പതിനായിരം രൂപ തട്ടിയെടുത്തിരുന്നു. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് രാജസ്ഥാന്‍ സ്വദേശികളായ രണ്ട് പേരുടെ അറസ്റ്റിലേക്ക് നയിച്ചത്.
രാജസ്ഥാനിലെ കാമന്‍ സ്വദേശികളായ നഹര്‍ സിംഗ്, സുഖ്‌ദേവ് സിംഗ് എന്നിവരെ ഡി.വൈ.എസ്.പി ടി.ശ്യാം ലാലിന്റെ നേതൃത്വത്തിലുളള സൈബര്‍ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. അങ്കിത ശര്‍മ്മ എന്ന പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി യുവാവുമായി സൗഹൃദം സ്ഥാപിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. രാജസ്ഥാന്‍ പൊലീസിന്റെ സഹായത്തോടെ ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിച്ചാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ സമാനമായ രീതിയില്‍ വേറെയും തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട് എന്ന് പോലീസ് പറയുന്നു. അതേസമയം നാണക്കേട് കാരണം ആരും പരാതി നല്‍കാത്തതാണ് ഇവരെ പിടികൂടാന്‍ താമസിച്ചത് എന്നും പോലീസ് പറയുന്നു.