ഐ.ജിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടത്തിയ പതിനേഴുകാരന്‍ പിടിയില്‍
ഐ ജി. പി വിജയന്റെ പേരില്‍ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പു നടത്തിയ സംഭവത്തില്‍ രാജസ്ഥാന്‍ സ്വദേശിയായ പതിനേഴുകാരന്‍ പിടിയില്‍. ഓണ്‍ലൈന്‍ പഠനത്തിനായി വീട്ടുകാര്‍ വാങ്ങി നല്‍കിയ ഫോണ്‍ ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പു നടത്തിയത്.
ഐ.ജി.യുടെ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് പണം ആവശ്യപ്പെട്ട് സുഹൃത്തുക്കള്‍ക്ക് സന്ദേശമയക്കുന്നതായിരുന്നു തട്ടിപ്പിന്റെ രീതി. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഐ.ജി. തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസിന്റെ വലയിലായത്.
പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോകള്‍ ശേഖരിച്ച് അക്കൗണ്ടുണ്ടാക്കിയ ശേഷം വ്യക്തികള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയും തുടര്‍ന്ന് തന്ത്രപരമായി ആളുകളെ കുരുക്കിലാക്കി പണം തട്ടിയെടുക്കുകയുമായിരുന്നു ഇയാള്‍ ചെയ്ത് വന്നതെന്ന് പോലീസ് പറഞ്ഞു.