ബലാത്സംഗ കേസ് പ്രതികള്‍ക്ക് രാസ ഷണ്ഡീകരണം ; ശക്തമായ നിയമനത്തിന് അംഗീകാരം നല്‍കി പാക്കിസ്ഥാന്‍

സ്ത്രീ പീഡന കേസുകളില്‍ ശക്തമായ രണ്ട് നിര്‍ണായക നിയമത്തിന് അംഗീകാരം നല്‍കി പാക്കിസ്ഥാന്‍ സര്‍ക്കാര്‍. ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് രാസ ഷണ്ഡീകരണത്തിനും ലൈംഗികാതിക്രമ കേസുകള്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനുമുള്ള നിയമത്തിനുമാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച നടന്ന ഫെഡറല്‍ ക്യാബിനറ്റ് യോഗത്തില്‍ നിയമമന്ത്രാലയം അവതരിപ്പിച്ച ആന്റി റേപ് ഓര്‍ഡിനന്‍സിന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അംഗീകാരം നല്‍കിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണ0 പുറത്തു വന്നിട്ടില്ല.

 

ഇത് ഗൗരവമേറിയ കാര്യമാണെന്ന് ഊന്നിപ്പറഞ്ഞ പാക് പ്രധാനമന്ത്രി കാലതാമസം നിയമം നടപ്പിലാക്കുന്നതില്‍ കാലതാമസം അനുവദിക്കില്ലെന്നും വ്യക്തമാക്കി. പൗരന്മാര്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കേണ്ടതുണ്ട്, കര്‍ശനമായ നടപ്പാക്കലിനൊപ്പം നിയമനിര്‍മ്മാണം വ്യക്തവും സുതാര്യവുമാകുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ക്ക് ഭയമില്ലാതെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി.

ബലാത്സംഗ കേസുകളുടെ അന്വേഷണത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും കേസുകളില്‍ കാലതാമസം ഒഴിവാക്കുന്നതിനും സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ബലാത്സംഗ കേസുകളിലെ പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്ന് ചില മന്ത്രിമാര്‍ നിര്‍ദേശിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.