ശബരിമലയില്‍ വീണ്ടും കോവിഡ്; ജീവനക്കാര്‍ക്ക് പിപിഇ കിറ്റ് നല്‍കാന്‍ നിര്‍ദേശം

ശബരിമല സന്നിധാനത്ത് വീണ്ടും കോവിഡ്. ദേവസ്വം മരാമത്തിലെ ഓവര്‍സിയര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് പമ്പയില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. നേരത്തെ കോവിഡ് ഡ്യൂട്ടിക്ക് നിന്നിരുന്ന പൊലീസ് ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മരാമത്തിലെ ഓവര്‍സിയര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡില്‍ പുറംജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പിപിഇ കിറ്റ് നല്‍കാന്‍ നിര്‍ദേശം നല്‍കി. നിലവില്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ശബരിമലയില്‍ മണ്ഡലകാല തീര്‍ത്ഥാടനം തുടരുന്നത്.

ശനി, ഞായര്‍ ദിവസങ്ങളില്‍ കോവിഡ് മാനദണ്ഡ പ്രകാരം 2000 തീര്‍ത്ഥാടകര്‍ക്ക് പ്രവേശനമുണ്ട്. മറ്റ് ദിവസങ്ങളില്‍ ആയിരം പേരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്. അതേസമയം, കൂടുതല്‍ പേര്‍ക്ക് ദര്‍ശനം നല്‍കണമെന്ന അഭിപ്രായം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞതോടെ ശബരിമല വരുമാനത്തില്‍ വലിയ ഇടിവാണുണ്ടായത്. ദിവസം മൂന്നര കോടി രൂപ വരുമാനം ഉണ്ടായിരുന്ന സ്ഥാനത്ത് ശരാശരി 10 ലക്ഷത്തില്‍ താഴെയാണ് വരുമാനം. അതുകൊണ്ടാണ് കൂടുതല്‍ തീര്‍ത്ഥാടകരെ അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടുന്നത്.