ആസ്‌ട്രേലിയയില്‍ തോല്‍വിയോടെ തുടങ്ങി ഇന്ത്യ

ആസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ തുടക്കം തോല്‍വിയോടെ. 375 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യ 66 റണ്‍സിനാണ് പരാജയപ്പെട്ടത്. ആഡം സാംപയും ഹേസല്‍വുഡും ഇന്ത്യന്‍ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കിയതോടെ നിശ്ചിത 50 ഓവറില്‍ ഇന്ത്യയുടെ ഇന്നിംഗ്‌സ് 308/8 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. ഓസീസിനായ് ഹേസല്‍വുഡ് മൂന്ന് വിക്കറ്റും സാംപ നാലു വിക്കറ്റും നേടി. നേരത്തേ നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ആസ്‌ട്രേലിയ 374 റണ്‍സെടുത്തു. നായകന്‍ ആരോണ്‍ ഫിഞ്ചിന്റെയും സ്റ്റീവ് സ്മിത്തിന്റെയും സെഞ്ച്വറികളുടെ ബലത്തിലാണ് ടീം കൂറ്റന്‍ സ്‌കോര്‍ കെട്ടിപ്പടുത്തത്. സ്മിത്ത് 105 റണ്‍സും ഫിഞ്ച് 114 റണ്‍സുമെടുത്തു. 66 പന്തുകളില്‍ നിന്നായിരുന്നു സ്മിത്ത് 105 റണ്‍സ് നേടിയത്.

അതേസമയം ഓപ്പണര്‍ ശിഖര്‍ ധവാനും ആറാമനായി ഇറങ്ങിയ ഹാര്‍ദ്ദിക പാണ്ഡ്യയും മാത്രമാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ തിളങ്ങിയത്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ മായാങ്ക് അഗര്‍വാളും(22) ശിഖര്‍ ധവാനും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 5.2 ഓവറില്‍ നിന്ന് 53 റണ്‍സ് നേടിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുകയായിരുന്നു. വിരാട് കോഹ്‌ലി(21), ശ്രേയസ്സ് അയ്യര്‍(2), ലോകേഷ് രാഹുല്‍(12) എന്നിവരും വേഗത്തില്‍ പുറത്തായപ്പോല്‍ ഇന്ത്യ 101/4 എന്ന നിലയിലേക്ക് കൂപ്പുകുത്തി. പിന്നീട് ഒത്തുചേര്‍ന്ന ധവാനും ഹാര്‍ദ്ദിക് പാണ്ഡ്യയും കൂടി ടീമിനെ കരകയറ്റുമെന്ന് തോന്നിപ്പിച്ചെങ്കിലും 34ാം ഓവറില്‍ ധവാന്‍ പോയതോടെ ഇന്ത്യ വീണ്ടും പരുങ്ങലിലായി.

74 റണ്‍സ് നേടിയ ധവാനെ ആഡം സംപയാണ് പുറത്താക്കിയത്. അധികം വൈകാതെ 90 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയെയും സംപ തന്നെ മടക്കി. ടീം തകര്‍ന്നയിടത്തു നിന്ന് ഹാര്‍ദ്ദിക് വെടിക്കെട്ടു ശൈലിയില്‍ ബാറ്റ് വീശിയാണ് 76 പന്തില്‍ 90 റണ്‍സ് നേടിയത്. ധവാനും പാണ്ഡ്യയും ചേര്‍ന്ന് 128 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ നേടിയത്.