സി.എം രവീന്ദ്രന് ബിനാമി ഇടപാടെന്ന് സംശയം ; വടകരയില്‍ ഇ.ഡി റെയ്ഡ്

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ബിനാമി ഇടപാടുകളുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സംശയം. ഇതേത്തുടര്‍ന്ന് ബിനാമി ഇടപാട് സംശയിക്കുന്ന വടകരയിലെ സ്ഥാപനങ്ങളില്‍ ഇ.ഡി പരിശോധന നടത്തി. രവീന്ദ്രനോട് ഇന്ന് ഹാരരാകണമെന്നാണ് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോവിഡാനന്തര അസുഖങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ വീണ്ടും ചികിത്സയില്‍ പ്രവേശിച്ചിരുന്നു.

സര്‍ക്കാര്‍ പദ്ധതികളില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചെന്നും ശിവശങ്കര്‍ ഇടപാടുകളിലെ ഗുണഭോക്താക്കളില്‍ ഒരാള്‍ മാത്രമാണെന്നും സ്വപ്ന സുരേഷ് മൊഴി നല്‍കിയിരുന്നു. പദ്ധതികളില്‍ സി.എം.രവീന്ദ്രന്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ശിവശങ്കറുടെ ടീമിന്റെ പങ്കിനെപ്പറ്റിയാണ് ഇ.ഡി അന്വേഷിക്കുന്നത്.

ഈ മാസം 6 ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹാജരാകാന്‍ നോട്ടീസ് നല്‍കിയപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളാണ് രവീന്ദ്രന്‍ കാരണമായി പറഞ്ഞിരുന്നത്. അന്ന് കോവിഡ് ആണെന്ന് പറഞ്ഞെങ്കില്‍ ഇന്ന് കോവിഡ് അനന്തര രോഗങ്ങളാണെന്നാണ് ഇപ്പോല്‍ വിശദീരകരിച്ചിരിക്കുന്നത്. അതേസമയം തുടര്‍ച്ചയായി ഹാജരാകാത്തത് തന്ത്രമാണെന്നാണ് ഇ.ഡി.യുടെ വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഇ ഡി യുടെ കസ്റ്റഡിയിലുള്ള സമയത്താണ് ആദ്യം ചോദ്യം ചെയ്യലിന് വിളിച്ചത്. അന്ന് കോവിഡ് പോസിറ്റീവാണെന്ന് അന്വേഷണ ഏജന്‍സിയെ അറിയിച്ചു. രവീന്ദ്രനെയും ശിവശങ്കറെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള അവസരമാണ് അന്ന് ഇ.ഡിയ്ക്ക് നഷ്ടമായത്.

ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്താല്‍ പല കാര്യങ്ങളും വെളിവാകുമെന്ന് അന്വേഷണ സംഘം കരുതിയിരുന്നു. പൊതുവേ ചോദ്യം ചെയ്യലുകളോട് സഹകരിക്കാത്ത ആളാണ് ശിവശങ്കര്‍. എന്നാല്‍ ഇരുവരും ഒരുമിച്ച് ഒരേ സ്ഥലത്ത് ഉള്ളപ്പോള്‍ ഒഴിഞ്ഞു മാറല്‍ എളുപ്പമാകില്ല. എന്നാല്‍ സി.എം.രവീന്ദ്രന് കോവിഡ് പോസിറ്റീവായതോടെ ആ സാധ്യത അടഞ്ഞു. അടുത്ത മാസം രണ്ടിന് ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കുകയാണ്. അതിന് മുന്‍പെങ്കിലും രവീന്ദ്രനെ ചോദ്യം ചെയ്യണമെന്നായിരുന്നു ഇ.ഡിയുടെ അടുത്ത ലക്ഷ്യം