കര്‍ഷകരെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ല എന്ന് രാഹുല്‍ ഗാന്ധി

മോദി സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി രാജ്യതലസ്ഥാനത്തേക്ക് നീങ്ങുന്ന കര്‍ഷകരെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. എപ്പോഴൊക്കെ, അഹന്തയും സത്യവും തമ്മില്‍ ഏറ്റുമുട്ടുന്നുവോ അപ്പോഴെല്ലാം അഹന്ത പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി ഓര്‍മിക്കുന്നത് നല്ലതാണ്. സത്യത്തിന്റെ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന കര്‍ഷകരെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകേണ്ടതെന്നും രാഹുല്‍ ആവശ്യപ്പെട്ടു. സത്യത്തിന് വേണ്ടിയാണ് ഈ പോരാട്ടം. കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നും ഇത് ഒരു തുടക്കമാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകരുടെ പ്രതിഷേധം. പഞ്ചാബ്, ഹരിയാണ, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍നിന്ന് പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് നീങ്ങുന്നത്. അതിനിടെ ഡല്‍ഹി ചലോ മാര്‍ച്ച് അതിര്‍ത്തിയില്‍ തടയാനുള്ള പോലീസിന്റെ ശ്രമങ്ങള്‍ പാഴായി. കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി. വടക്കന്‍ ബുരാരിയില്‍ സമാധാനപരമായി പ്രതിഷേധം നടത്താനാണ് അനുമതി നല്‍കിയത്. ബുരാരിയിലെ നിരാന്‍ ഖാരി മൈതാനത്ത് കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാം. ഡല്‍ഹി – ഹരിയാന അതിര്‍ത്തിയില്‍ സമരം നടത്തിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ഇന്നും ലാത്തിചാര്‍ജ് നടത്തിയിരുന്നു.

കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. സമാധാനപൂര്‍ണമായി പ്രതിഷേധം നടത്തണമെന്നും മറ്റുള്ളവര്‍ക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും കര്‍ഷകരോട് അഭ്യര്‍ത്ഥിക്കുന്നതായി ഡല്‍ഹി പൊലീസ് അറിയിച്ചു. അതേസമയം, ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നതിനിടെ സ്റ്റേഡിയങ്ങള്‍ താത്കാലിക ജയിലുകളാക്കാന്‍ അനുവാദം നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. തീരുമാനം സര്‍ക്കാര്‍ ഡല്‍ഹി പൊലീസിനെ അറിയിച്ചു. ഒന്‍പത് സ്റ്റേഡിയങ്ങള്‍ താത്കാലിക ജയിലുകളാക്കാന്‍ പൊലീസ് സര്‍ക്കാരിനോട് അനുമതി തേടിയിരുന്നു.