ആശുപത്രികളിലെ തീ പിടിത്തം തുടര്‍ക്കഥയായി ഗുജറാത്ത് ; ഇന്ന് അഞ്ചു മരണം

ഗുജറാത്തിലെ ആശുപത്രികളില്‍ തീ പിടിത്തം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏഴു തീപിടിത്തവും 13 മരണവുമാണ് ഗുജറാത്തില്‍ ഉണ്ടായത്. ഇന്ന് രാജ്‌കൊട്ട് കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 5 പേര്‍ ആണ് മരിച്ചത്. നിരവധി രോഗികള്‍ക്ക് പൊള്ളലേറ്റു. മാവ്ഡി പ്രദേശത്തെ ശിവാനന്ദ് ആശുപത്രിയില്‍ ഇന്ന് പുലച്ചെ ഒരുമണിയോടെയായിരുന്നു അപകടം.

ആശുപത്രിയിലെ തീവ്രപരിചരണ (ICU)വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടാകുമ്പോള്‍ ഐസിയുവില്‍ 11 രോഗികള്‍ ഉണ്ടായിരുന്നു. സംഭവ സമയം ആശുപത്രിയില്‍ 33 രോഗികളാണ് ഉണ്ടായിരുന്നത്. ഇരുപത്തി രണ്ടോളം രോഗികളെ ഇവിടെനിന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.മരിച്ച 5 പേരും ഐസിയുവില്‍ കിടന്നിരുന്ന രോഗികളായിരുന്നു. മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് ഫയര്‍ഫോഴ്‌സ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉത്തരവിട്ടിട്ടുണ്ട്.

സംസ്ഥാനത്തെ തീപിടിത്തങ്ങളുടെ പ്രധാന കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണ് എന്നാണ് പറയപ്പെടുന്നത്. വെന്റിലേറ്ററിലും ഐസിയുവിലുമാണ് പലയിടത്തും ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിത്തമുണ്ടായത്. എന്നാല്‍ തീ അതിവേഗം പടര്‍ന്നുപിടിക്കാന്‍ കാരണം ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറുകളുടെ സാന്നിധ്യമാണ് എന്നും പറയുന്നു. തീ സാനിറ്റൈസറുകളിലേക്ക് പടര്‍ന്നാല്‍ നിയന്ത്രണ വിധേയമാക്കുക പ്രയാസകരമാണ്. ഇതാണ് തീ പടര്‍ന്നു പിടിക്കാന്‍ കാരണമായി പറയുന്നത്.