സ്വര്‍ണക്കടത്ത് കേസ് മുഖ്യമന്ത്രിവരെയെത്തുമെന്ന് PC ജോര്‍ജ് എം എല്‍ എ

ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ LDF, UDF നേതാക്കളെ ക്കൊണ്ട് ആശുപത്രി നിറയുമെന്നു പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്ജ്. LDF, UDF നേതാക്കളെല്ലാം ICUവിലാണെന്നും, ഇങ്ങനെ പോയാല്‍ നമ്മുടെ ആശുപത്രികള്‍ നേതാക്കളെക്കൊണ്ട് നിറയുമെന്നും PC ജോര്‍ജ് പരിഹസിച്ചു. യുഡിഎഫിലെ ഒരാള്‍ ആശുപത്രിയിലാണ്. മറ്റൊരാള്‍ ജയിലിലും. ഇടതുപക്ഷത്താണെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണ് പ്രതിസന്ധിയില്‍. സി.എം രവീന്ദ്രന്‍ ഇപ്പോള്‍ ആശുപത്രിയിലാണ്, താമസിയാതെ ശിവശങ്കരനും ആശുപത്രിയിലേക്ക് പോകു0, PC ജോര്‍ജ് പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസ് മുഖ്യമന്ത്രിവരെയെത്തു0, ഇത് രാഷ്ട്രീയവും തിരഞ്ഞെടുപ്പ് സ്റ്റണ്ടുമൊന്നുമല്ല, സത്യമായ കാര്യങ്ങളാണ്. ശിവശങ്കരനും മുഖ്യമന്ത്രിയുടെ ഓഫീസും സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പ്രതികളാകുമെന്നും PC ജോര്‍ജ് പറഞ്ഞു. CPI(M) എം എം.എല്‍.എമാര്‍ ഇക്കാര്യത്തില്‍ പങ്കില്ലാത്തവരാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കുഴപ്പത്തിലാണ്. കേരളത്തിലേക്ക് സ്വര്‍ണ്ണക്കടത്ത് നടത്തിയെന്നും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നതും സത്യങ്ങളാണ്. ആ സത്യത്തില്‍ ശിവശങ്കരനൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസും കൂട്ടുനിന്നു എന്നത് ഭീകരമായ സത്യമാണ് അദ്ദേഹം പറഞ്ഞു.

എന്‍ഫോഴസ്‌മെന്റ് ഡയറക്റ്ററേറ്റ് ആരെയും ഉപദ്രവിക്കാതെയും പീഢിപ്പിക്കാതെയുമാണ് സത്യം കണ്ടെത്തുന്നത്. അതില്‍ കണ്ടെത്തിയ ചില കാര്യങ്ങളാണ് അവര്‍ ഇപ്പോള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. അതില്‍ ബാക്കിയുള്ളതുകൂടി നല്‍കുന്നതോടെ സത്യം പൂര്‍ണമായും പുറത്തുവരുമെന്നും PC ജോര്‍ജ് പറഞ്ഞു.സി.എം രവീന്ദ്രന്റെ ആരോഗ്യനിലയില്‍ വിശദമായ പരിശോധന വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം രാഷ്ട്രീയം മാത്രമല്ലെന്നും സ്വര്‍ണ്ണക്കടത്തുകേസില്‍ ശിവശങ്കരനൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസും പ്രതിയാകുമെന്നും PC ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

രണ്ട് മുന്നണികളുടെയും ഇന്നത്തെ അവസ്ഥ അപമാനകരമാണ്. ഇതെല്ലാം പൊതുരാഷ്ട്രീയത്തിന്റെ അപചയമാണ് കാണിക്കുന്നത്. എല്ലാം ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും PC ജോര്‍ജ് പറഞ്ഞു. പാലാരിവട്ടം അഴിമതികേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞ് ഈ അവസ്ഥയില്‍ കിടക്കുമ്പോള്‍ ചോദ്യം ചെയ്യാനുള്ള തീരുമാനത്തില്‍ വലിയ ദുഖമുണ്ട്. എന്നാല്‍ ലീഗ് എം.എല്‍.എ കമറുദ്ദീന്‍ അങ്ങനെയാണോ? എല്ലാ ജനങ്ങളേയും കളിപ്പിച്ചല്ലേ ജയിലില്‍പോയി കിടക്കുന്നത്? PC ജോര്‍ജ് ചോദിച്ചു.