മാസ്റ്റര്‍ തിയറ്ററില്‍ തന്നെ വരും ; ഒ.ടി.ടി വഴിയില്ല, ഔദ്യോഗിക വിശദീകരണവുമായി മാസ്റ്റര്‍ ടീം
തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മാസ്റ്റര്‍ ഒ.ടി.ടി വഴി റിലീസ് എത്തുമെന്ന ഊഹാപോഹങ്ങള്‍ക്കിടെ വ്യക്തത വരുത്തി മാസ്റ്റര്‍ സിനിമയുടെ നിര്‍മാതാക്കള്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലെത്തുമെന്നും നിര്‍മ്മാതാക്കള്‍ ചര്‍ച്ച നടത്തുകയാണെന്നും LetsOTT GLOBAL എന്ന വെബ്‌സൈറ്റ് ആണ് ആദ്യം ട്വിറ്ററിലൂടെ അറിയിച്ചത്. പിന്നീട് ഇന്ത്യടുഡേ അടക്കമുള്ള മാധ്യമങ്ങള്‍ ഈ വാര്‍ത്ത ശരിവെച്ച് നെറ്റ്ഫ്‌ലിക്‌സ് വഴി ചിത്രം പുറത്തിറങ്ങുമെന്നും അറിയിച്ചു. ഈ വാര്‍ത്തകളെല്ലാം തള്ളികൊണ്ടാണ് മാസ്റ്റര്‍ സിനിമയുടെ നിര്‍മാതാക്കള്‍ ഔദ്യോഗികമായി തന്നെ പ്രതികരിച്ചിരിക്കുന്നത്.
ഒരു പ്രമുഖ ഒ.ടി.ടി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും കോവിഡ് പ്രതിസന്ധിയില്‍ തമിഴ് ഇന്‍ഡസ്ട്രി തകര്‍ന്നിരിക്കുന്ന ഘട്ടത്തില്‍ തിയേറ്റര്‍ റിലീസ് മാത്രമാണ് തങ്ങളുടെ ആലോചനയിലുള്ളതെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. എത്രയും പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ അടുത്തേക്ക് സിനിമ എത്തുമെന്നും തിയേറ്റര്‍ ഉടമകള്‍ തങ്ങളുടെ കൂടെ നില്‍ക്കണമെന്നും നിര്‍മാതാക്കള്‍ പത്രകുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു. കൊറോണ കാരണം മാസ്റ്ററിന്റെ റിലീസ് അനന്തമായി നീളുക യായിരുന്നു .
നേരത്തെ ഏപ്രില്‍ 9ന് റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ചിത്രം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നീളുകയായിരുന്നു. ‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. കൈദി താരം അര്‍ജുന്‍ ദാസ്, ശാന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെര്‍മിയാഹ്, നാസര്‍, സഞ്ജീവ്, രമ്യ സുബ്രഹ്‌മണ്യന്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എക്സ് ബി ഫിലിം ക്രിയേറ്റേഴ്സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സത്യന്‍ സൂര്യന്‍ ആണ് ഛായാഗ്രഹണം. അനിരുദ്ധ രവിചന്ദര്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്. നവംബര്‍ 14ന് പുറത്തുവന്ന മാസ്റ്റര്‍ ടീസര്‍ ദിവസങ്ങള്‍ക്കുള്ളില്‍ 40 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു.