കോവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അടിയന്തിര കേന്ദ്രാനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

കോവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അടിയന്തിരമായി കേന്ദ്രാനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ വാക്‌സിനേഷന്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തിയതായും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനാവാല അറിയിച്ചു. വാക്‌സിന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മോദി ഇന്ന് നിര്‍മ്മാണ കമ്പനികള്‍ സന്ദര്‍ശിച്ചിരുന്നു.

അടിയന്തിര ഉപയോഗത്തിനുള്ള അപേക്ഷയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ജനുവരിയോടെ ചുരുങ്ങിയത് നൂറ് മില്യണ്‍ വാക്‌സിനുകള്‍ ഉത്പാദിപ്പിക്കാനാകുമെന്ന് പൂനാവാല പറയുന്നു. എത്രയും വേ?ഗം വാക്‌സിന്‍ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാരിന് ഡോസിന് 250 രൂപക്കും, ഫാര്‍മസികള്‍ക്ക് ആയിരം രൂപക്കും ഓക്‌സ്ഫഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് നേരത്തെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു.

പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടന് പുറമെ അഹ്‌മദാബാദിലെ സൈഡസ് ബയോടെക് പാര്‍ക്കിലും ഹൈദരാബാദ് ഭാരത് ബയോടെകിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. അതിനിടെ, രാജ്യത്തെ കോവിഡ് കേസുകള്‍ തൊണ്ണൂറ്റി മൂന്നര ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 41,322 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.വാക്സിന്‍ നിര്‍മാണത്തിനായി വലിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വാക്സിന്‍ ഉത്പാദനത്തെ സംബന്ധിച്ച വിവരങ്ങള്‍ ഡ്രഗ് കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണെന്നും അദര്‍ പൂനവാല പറഞ്ഞു.

നിലവില്‍ അഞ്ച് വാക്സിനുകളാണ് ഇന്ത്യയില്‍ അഡ്വാന്‍സ്ഡ് ഘട്ടത്തില്‍ എത്തി നില്‍ക്കുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ഓക്സഫഡ് വാക്സിന്റെ മൂന്നാം ഘട്ടം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഭാരത് ബയോട്ടെക് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചിട്ടേയുള്ളു. സൈഡസ് കഡില രണ്ടാം ഘട്ടം പൂര്‍ത്തിയാക്കി. ഡോ.റെഡ്ഡീസ് നടത്തുന്ന റഷ്യയുടെ സ്പുട്നിക് V ന്റെ പരീക്ഷണം 2 – 3 ഘട്ടങ്ങളിലാണ്. ബയോളജിക്കല്‍ ഇ എന്ന വാക്സിനാകട്ടെ പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തിലാണ്.