കര്‍ഷക സമരത്തിന്റെ ചിത്രം പങ്കിട്ട് രാഹുലും പ്രിയങ്കയും

കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധ സമരം നടത്തുന്ന കര്‍ഷകരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഡല്‍ഹിയിലെ കര്‍ഷക സമരവുമായി നിരവധി ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നുണ്ട്. അതിലൊന്നാണ് പ്രതിഷേധത്തില്‍ പങ്കെടുത്ത വയോധിക കര്‍ഷകനു നേരെ ഒരു അര്‍ദ്ധസൈനികന്‍ ലാത്തിയോങ്ങുന്നത്. ഈ ചിത്രം പങ്കുവെച്ചാണ് രാഹുലിന്റെയും പ്രിയങ്കയുടെയും ട്വീറ്റ്.

വളരെ സങ്കടകരമായ ഒരു ചിത്രമാണിത്. ജയ് ജവാന്‍, ജയ് കിസാന്‍ എന്നതായിരുന്നു നമ്മുടെ മുദ്രാവാക്യം. എന്നാല്‍ ഇന്ന് പ്രധാനമന്ത്രിയുടെ അഹങ്കാരം ജവാന്‍മാര്‍ കര്‍ഷകര്‍ക്കെതിരെ നിലകൊള്ളുന്നതിന് കാരണമായി. ഇത് അപകടകരമാണ്’ -രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

കോടിപതികളായ ബി.ജെ.പിയുടെ സുഹൃത്തുക്കള്‍ ഡല്‍ഹിയിലെത്തുമ്പോള്‍ ചുവന്ന പരവതാനി വിരിച്ചുനല്‍കും. കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് വരാനൊരുങ്ങുമ്പോള്‍ വഴി കുഴിക്കും. കര്‍ഷകര്‍ക്കെതിരെ അവര്‍ ഒരു നിയമമുണ്ടാക്കി. പക്ഷേ കര്‍ഷകര്‍ സര്‍ക്കാറിനോട് ഇതിനെക്കുറിച്ച് പറയാനെത്തുന്നത് തെറ്റാണോ ‘ -കര്‍ഷക സമരത്തില്‍ പൊലീസ് നടപടിയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.