മുഖ്യമന്ത്രിക്കോ മന്ത്രി ഐസക്കിനോ? ആര്‍ക്കാണ് വട്ടു എന്ന് രമേശ് ചെന്നിത്തല
കെഎസ്എഫ്ഇയില്‍ നടന്ന വിജിലന്‍സ് നടത്തിയ റെയ്ഡിനെ വിമര്‍ശിച്ച ധനമന്ത്രി തോമസ് ഐസക്കിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നയിക്കുന്ന വിജിലന്‍സാണ് റെയ്ഡ് നടത്തിയത്. മുഖ്യമന്ത്രിക്ക് വട്ടാണെന്നോണോ അതോ സ്വയം വട്ടാണെന്നാണോ ധനമന്ത്രി ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. എന്തുകൊണ്ടാണ് കെഎസ്എഫ്ഇ റെയ്ഡിന്റെ വിവരങ്ങള്‍ വിജിലന്‍സ് പുറത്തുവിടാത്തതെന്ന് രമേശ് ചെന്നിത്തല വാത്താത്താസമ്മേളനത്തില്‍ ചോദിച്ചു.
തോമസ് ഐസക്കിന് ധനകാര്യമന്ത്രിയെന്ന നിലയില്‍ തനിക്ക് കീഴിലുള്ള ഒരുവകുപ്പിലും അഴിമതി കണ്ടെത്തുന്നത് ഇഷ്ടമല്ലെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി അഴിമതി കണ്ടെത്തുന്നത് കണ്ടാല്‍ ഐസക് ഉറഞ്ഞുതുള്ളും. പൊതുസമൂഹത്തിന്റെ പണമാണ് കെഎസ്എഫ്ഇയുടേത്. അതില്‍ അഴിമതി നടന്നുവെന്ന് വിജിലന്‍സ് കണ്ടെത്തിയാല്‍ അത് വട്ടാണെന്ന് പറഞ്ഞ് തോമസ് ഐസക്കിന് ഒഴിഞ്ഞുമാറാനാവില്ല. ജനങ്ങളുടെ ആശങ്ക അവസാനിപ്പിക്കാന്‍ ധനമന്ത്രി തയ്യാറാവണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അവകാശപ്പെട്ടു. ഈ തെരഞ്ഞെടുപ്പില്‍ പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. തദ്ദേശ തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് ബിജെപി ഇല്ലാതാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് എല്‍ഡിഎഫിനെതിരായ ജനവികാരം ശക്തമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ആഭ്യന്തരവകുപ്പിന് കീഴിലുള്ള വിജിലന്‍സ്, ധനവകുപ്പിന്റെ അധീനതയിലുള്ള കെഎസ്എഫ്ഇയില്‍ മുന്നറിയിപ്പ് ഇല്ലാതെ റെയ്ഡ് നടത്തിയതാണ് ഐസകിനെ ചൊടിപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ നില്‍ക്കെ ഇത്തരമൊരു റെയ്ഡ് നടത്തിയത് എന്തിനാണെന്ന ചോദ്യമാണ് ധനമന്ത്രി ഉയര്‍ത്തിയത്.