വാഗ്ദാനങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രതിജ്ഞാ ബദ്ധരാക്കി ഒരു നാട്
പള്ളിത്തോട്: അഭൂതപൂര്‍വമായ നിലപാടിലാണ് ഒരു ഗ്രാമം. ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിനെ ഒരു സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ നേരിടാന്‍ ഒരുങ്ങുകുയാണ് ആലപ്പുഴ ജില്ലയിലെ പള്ളിത്തോട് എന്ന ഗ്രാമം. രണ്ടു വ്യത്യസ്ത പഞ്ചായത്തുകള്‍ കടന്നുപോകുന്ന പള്ളിത്തോട്ടില്‍ നവാഗതരുള്‍പ്പെടെ മൂന്ന് രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാര്‍ത്ഥികളുടെ ജനാധിപത്യ രാഷ്ട്രീയത്തിലെ വികസന വിചാരണയാണ് സ്ഥാനാര്‍ഥി സൗഹൃദ സംഗമ വെര്‍ച്യുല്‍ സംവാദത്തിലൂടെ ”പള്ളിത്തോട് എന്റെ ഗ്രാമം’ എന്ന മുഖപുസ്തക കൂട്ടായ്മ സംഘടിപ്പിച്ചത്.
പതിനഞ്ചോളം ജനപ്രതിനിധികള്‍ പങ്കെടുത്ത സൂം മീറ്റിംഗില്‍ ജിസീ സി, യൂറോപ്പ്, ന്യൂസീലന്‍ഡ് രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ അനവധിപേര്‍ ഇതിന്റെ പ്രാധാന്യം ഏറ്റെടുത്തപ്പോള്‍ ആയിരക്കണക്കിനുള്ള കാഴ്ചക്കാര്‍ക്ക് ഇതൊരു ആവേശമായി മാറി.
പള്ളിത്തോട് ചാവടി റോഡിന്റെ ഇരു വശങ്ങളിമുള്ള മാലിന്യ നിക്ഷേപം, ഭവന നിര്‍മ്മാണം, വെള്ളക്കെട്ട്, കുടിവെള്ളം, പൊതു കളിസ്ഥലം, ഓരു മുട്ട്, വഴിവിളക്കുകള്‍, 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പ് വരുത്തല്‍, ഗ്രാമ സഭ മുടക്കം കൂടാതെ സംഘടിപ്പിക്കുക, നടപ്പാത, റോഡ്, കടല്‍ ഭിത്തി നിര്‍മാണം, വീടുകളുടെ നമ്പര്‍, റീ സര്‍വേ, മത്സ്യ സംസ്‌ക്കരണം, ആശുപത്രിയില്‍ കിടത്തി ചികിത്സ, തോടുകള്‍ ആഴം കൂട്ടി വൃത്തിയാക്കല്‍, പൊഴിച്ചാല്‍ ഓരങ്ങള്‍ കല്ലുകെട്ടി സംരക്ഷിക്കുക തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ നല്‍കുമെന്നാണ് പങ്കെടുത്ത സ്ഥാനാര്‍ത്ഥികള്‍ വാഗ്ദാനം ചെയ്തതും ജനങ്ങള്‍ ആവശ്യപെട്ടതും
ജനപ്രതിനിധികള്‍ പ്രസ്താവിച്ച രാഷ്ട്രീയ ദര്‍ശനവും ജനസേവന ഉദ്ദേശങ്ങളും അടുത്ത അഞ്ചുവര്‍ഷത്തെ അവരുടെ ജനസേവനത്തിന്റെ അളവുകോലായി മാറും. വാഗ്ദാനങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാനാവില്ല എന്നതാണ് ഇത്തരം റെക്കോര്‍ഡഡ് മീറ്റിംഗുകളിലൂടെ ഈ കൂട്ടായ്മ ഉറപ്പിക്കുന്നതും ആഗ്രഹിക്കുന്നതും. ഒരു പഞ്ചായത്തു ഇലക്ഷന് ഇത്രയധികം പ്രാധാന്യം വരുന്നതും അനിതര സാധാരണമാണ്. ഏതായാലും ഒരു ഗ്രാമം ജനവിധി കാത്തിക്കുകയാണ്.