വി കെ ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പാലാരിവട്ടം പാലം അഴിമതി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇബ്രാഹിം കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് വിജിലന്‍സ് സംഘം ചോദ്യം ചെയ്തത്. കോടതി അനുവദിച്ച സമയത്തില്‍ നിന്നും അര മണിക്കൂര്‍ മുന്‍പേ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി അന്വേഷണ സംഘം മടങ്ങി.

വിജിലന്‍സ് ഡി വൈ എസ് പി ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ചോദ്യം ചെയ്തത്. ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമോ എന്ന കാര്യത്തില്‍ തീരുമാനം പിന്നീട് ഉണ്ടാകുമെന്നും ചോദ്യം ചെയ്തത് സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ചോദ്യം ചെയ്യലിനോട് ഇബ്രാഹിം കുഞ്ഞ് സഹകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കോടതിയെ അറിയിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇബ്രാഹിം കുഞ്ഞിനെ രണ്ട് ഘട്ടമായാണ് വിജിലന്‍സ് ചോദ്യം ചെയ്തത്. ഒമ്പതു മണി മുതല്‍ 12 മണി വരെയായിരുന്നു ആദ്യഘട്ട ചോദ്യം ചെയ്യല്‍ നടന്നത്.

കോടതി ഉപാധികള്‍ പാലിച്ചു കൊണ്ടായിരുന്നു ചോദ്യം ചെയ്യല്‍. ഓരോ മണിക്കൂറിലും 15 മിനിറ്റ് വിശ്രമത്തിന് അനുവദിച്ചിരുന്നു. ചോദ്യം ചെയ്യല്‍ ചികിത്സയെ ബാധിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ചട്ടങ്ങള്‍ മറികടന്ന് എട്ടു കോടി 25 ലക്ഷം രൂപ മുന്‍കൂറായി ആര്‍ ഡി എസ് കമ്പനിക്ക് നല്‍കിയതില്‍ ഇബ്രാഹിം കുഞ്ഞിനുള്ള പങ്കിനെ കുറിച്ചാണ് വിജിലന്‍സ് ചോദിച്ചറിഞ്ഞത്. ഫയലുകള്‍ ഒപ്പിട്ടത് അടക്കമുള്ള കാര്യങ്ങളെക്കുറിച്ചും ചോദ്യങ്ങള്‍ ഉണ്ടായി.

ക്രമവിരുദ്ധമായി ഒന്നും ആര്‍ ഡി എസ് കമ്പനിക്ക് ചെയ്തു നല്‍കിയിട്ടില്ലെന്നാണ് ഇബ്രാഹിം കുഞ്ഞ് ആവര്‍ത്തിക്കുന്നത്. അതേസമയം വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ ആണ് ഇബ്രാഹിംകുഞ്ഞിന്റെ നീക്കം.