ബുറെവി ചുഴലിക്കാറ്റ് രൂപപ്പെട്ടു ; അടുത്ത 12 മണിക്കൂറില്‍ കൂടുതല്‍ ശക്തമാകും
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിശക്ത ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി. ശ്രീലങ്കന്‍ തീരത്ത് നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് ബുറെവി എന്ന് പേരിട്ട ചുഴലിക്കാറ്റ് രൂപപ്പെട്ടത്. കന്യാകുമാരിയില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെയും. അടുത്ത 12 മണിക്കൂറില്‍ കൂടുതല്‍ ശക്തമാകും. ബുധനാഴ്ച വൈകിട്ടോടെ ശ്രീലങ്കന്‍ തീരത്തെത്തും. തുടര്‍ന്ന് തമിഴ്‌നാട് തീരത്തേയ്ക്ക് നീങ്ങി വെള്ളിയാഴ്ച പുലര്‍ച്ചെ കന്യാകുമാരിക്കും പാമ്പനും ഇടയില്‍ തീരം തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം.
കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറില്‍ 9 കിമീ വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 7.9° N അക്ഷാംശത്തിലും 84.84°E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഡിസംബര്‍ 4 ന് പുലര്‍ച്ചെയോടെ കന്യാകുമാരിയുടെയും പാമ്പന്റെയും ഇടയിലൂടെ തെക്കന്‍ തമിഴ്‌നാട് തീരത്തേക്ക് പ്രവേശിക്കുകയും ചെയ്യാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. അതേസമയം ബുറെവി കേരള കര തൊടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. കന്യാകുമാരിയില്‍ നിന്ന് ദിശമാറും. കേരളകര തൊടില്ലെങ്കിലും ചുഴലിക്കാറ്റിന്റെ പ്രഭാവം തെക്കന്‍ കേരളത്തില്‍ ശക്തമായി തന്നെ അനുഭവപ്പെടും. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.