ഉടമകള്‍ തമ്മില്‍ തര്‍ക്കം : നായയ്ക്ക് ഡിഎന്‍എ ടെസ്റ്റ്
മധ്യപ്രദേശിലെ ഹൊഷാന്‍ഗാബാദിലാണ് ഈ വിചിത്ര സംഭവം. നായയെ ചൊല്ലിയുള്ള ഉടമസ്ഥാവകാശതര്‍ക്കം പരിഹരിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്താനൊരുങ്ങി അധികൃതര്‍. ഹൊഷാന്‍ഗാബാദ് സ്വദേശികളായ ഷദാബ് ഖാനും കാര്‍ത്തിക് ഷിവ്ഹാരെയും തമ്മിലാണ് തര്‍ക്കം. തന്റെ കാണാതെ പോയ കൊക്കോ എന്ന ലാബ്രഡോറിനെ ഷിവ്ഹാരെ തടങ്കലില്‍ വയ്ക്കുകയും വില്‍ക്കാന്‍ ശ്രമിക്കുകയുമാണെന്നാണ് ഷദാബിന്റെ വാദം. എന്നാല്‍ അത് കൊക്കോ അല്ല മറിച്ച് തങ്ങളുടെ പട്ടി ടൈഗറാണെന്നാണ് ഷിവ്ഹാരെ പറയുന്നത്.
മാധ്യമപ്രവര്‍ത്തകനാണ് ശദാബ്. ഓഗസ്റ്റില്‍ പട്ടിയെ കാണാനില്ലെന്ന് കാണിച്ച് ശദാബ് ഖാന്‍ പരാതി നല്‍കിയിരുന്നു. അടുത്തിടെയാണ് പട്ടി എബിവിപി നേതാവ് ഷിവ്ഹാരെയുടെ വീട്ടിലുണ്ടെന്ന് ശദാബ് കണ്ടെത്തിയത്. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് പൊലീസ് പരാതിയിലേക്ക് നയിച്ചതും ഡിഎന്‍എ ടെസ്റ്റ് എന്ന തീരുമാനത്തിലേക്ക് എത്തിച്ചതും. 2017ല്‍ പച്മര്‍ഹിയില്‍ നിന്നാണ് ഖാന്‍ പട്ടിയെ വാങ്ങിയത്. എന്നാല്‍ ശിവ്ഹാരെ ഇതാര്‍സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രീഡറില്‍ നിന്നാണ് വാങ്ങിയത്. പട്ടിയുടെ ഡിഎന്‍എ എടുത്താല്‍ ഏത് ഇനമാണെന്നും എവിടുത്തെ ബ്രീഡ് ആണെന്നും മനസിലാക്കി ഉടമയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പോലീസ് കസ്റ്റഡിയിലാണ് നായ ഇപ്പോള്‍.