ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടില്‍ റെയ്ഡ്
മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ബി നേതാവുമായ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടില്‍ റെയ്ഡ്. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് റെയ്ഡ്. പത്തനാപുരത്തെ വീട്ടിലാണ് റെയ്ഡ്. റെയ്ഡ് നടക്കുമ്പോള്‍ ഗണേഷ് കുമാര്‍ വീട്ടില്‍ ഇല്ലായിരുന്നു. റെയ്ഡിനെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞത്. നേരത്തെ ഗണേഷിന്റെ ഓഫീസ് സെക്രട്ടറി പ്രദീപിനെ ഇതേകേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നാണ് പ്രദീപിന് ജാമ്യം ലഭിച്ചത്. പ്രദീപിന്റെ വീട്ടിലും ഇന്ന് റെയ്ഡ് നടക്കുന്നുണ്ട്.
കഴിഞ്ഞ ജനുവരി 24ന് കാസര്‍കോട് എത്തിയ പ്രദീപ്, ബേക്കല്‍ സ്വദേശി വിപിന്‍ ലാലിനെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വസതിയില്‍നിന്ന് നവംബര്‍ 24ന് പുലര്‍ച്ചെയാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നാല് ദിവസം പൊലീസ് കസ്റ്റഡിയിലായിരുന്നു.
സാക്ഷികളെ സ്വാധീനിക്കരുത്, കാസര്‍കോട് ബേക്കല്‍ പൊലീസ് പരിധിയില്‍ പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. എന്നാല്‍ കോടതി ഇത് പരിഗണിച്ചില്ല. ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ നിക്ഷിപ്ത താല്പര്യക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ കെട്ടിച്ചമച്ച കേസാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
നാല് ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്തെന്നും റിമാന്‍ഡ് നീട്ടരുതെന്നുമുള്ള പ്രതിഭാഗം വാദം കോടതി അംഗീകരിച്ചു. 7 വര്‍ഷത്തില്‍ താഴെ ശിക്ഷയുള്ള കേസുകളില്‍ ജാമ്യം അനുവദിക്കാന്‍ കീഴ്‌ക്കോടതികള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധിയുണ്ടെന്നും പ്രതിഭാഗം വാദിച്ചിരുന്നു. 4 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിട്ടും പ്രതിയെ കൊല്ലത്തെത്തിച്ച് തെളിവെടുക്കാത്തതെന്തെന്ന് കോടതി ഇന്നലെ ജാമ്യാപേക്ഷ പരിഗണിക്കവേ ചോദിച്ചിരുന്നു.