ബുറെവി ; തിരുവനന്തപുരം ജില്ലയില്‍ അതിജാഗ്രത നിര്‍ദ്ദേശം
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുറേവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ അതിവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ 48 വില്ലേജുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
റവന്യൂ, പൊലീസ്, തദ്ദേശ സ്വയംഭരണ അധികൃതര്‍ എന്നിവര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. താലൂക്ക് അടിസ്ഥാനത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. കര, നാവിക, വ്യോമ സേനകളുടേയും ദേശീയ ദുരന്ത നിവാരണ സേനയുടേയും സഹായം ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ അടിയന്തര സാഹചര്യമുണ്ടായാല്‍ ആളുകളെ ഒഴിപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും റവന്യൂ-തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ ഒരുക്കിയിട്ടുണ്ട്.
വെള്ളപ്പൊക്ക സാധ്യത മുന്നില്‍ക്കണ്ടുകൊണ്ട് ജില്ലയിലെ പ്രധാന നദികളിലെ ജലനിരപ്പ് അപ്പപ്പോള്‍ നിരീക്ഷണ വിധേയമാക്കാന്‍ കളക്ടര്‍ ഹൈഡ്രോളജി വകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്. അതിതീവ്ര മഴയ്ക്കുള്ള കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ പ്രധാന അണക്കെട്ടുകളില്‍നിന്ന് പരമാവധി ജലം തുറന്നുവിടാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുറേവി ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ശ്രീലങ്കന്‍ തീരം തൊടുമെന്നാണ്. ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേശം 370 കിലോ മീറ്ററും കന്യാകുമാരിയില്‍ നിന്ന് ഏകദേശം 770 കിലോ മീറ്ററും ദൂരത്തിലാണ് ചുഴലിക്കാറ്റ് എന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവിരം.
ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലേര്‍ട്ടും. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.