ശിവശങ്കറിന്റെ ജാമ്യാപേക്ഷ എതിര്‍ത്ത് ഇഡി
എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ എതിര്‍ത്ത് ഇഡി . സ്വപ്നയുടെ ലോക്കറില്‍ നിന്നും കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിന് ലഭിച്ച കമ്മീഷനാണെന്ന് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്. എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഇഡി സമര്‍പ്പിച്ചിരിക്കുന്നത് 102 പേജുള്ള സത്യവാങ്മൂലമാണ്. എങ്ങനെയാണ് എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എം. ശിവശങ്കര്‍ പ്രതിയാകുമെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല സ്വപ്ന സുരേഷ് എം. ശിവശങ്കറിനെതിരെ മൊഴി നല്‍കിയിട്ടുമുണ്ട്.
മൂന്ന് ലോക്കറുകള്‍ തുറക്കാനുള്ള വരുമാനം സ്വപ്ന സുരേഷിനില്ലയെന്ന് വ്യക്തമാക്കിയ ഇഡി വടക്കാഞ്ചേരി ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് യൂണിടാക് നല്‍കിയ കോഴപ്പണം ലഭിച്ചത് ശിവശങ്കറിനാണെന്നും വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇഡി വ്യക്തമാക്കിയിരിക്കുന്നത്. സ്വര്‍ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ടെന്നും ജാമ്യം നല്‍കിയാല്‍ ശിവശങ്കര്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നും ഇഡി സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.