കോവിഡ് പ്രതിസന്ധിക്കിടെ യുവതികളുടെ ആത്മഹത്യാനിരക്ക് ഉയരുന്നു
ഈ ലോക്ക്ഡൗണ്‍ കാലത്ത് ജപ്പാനില്‍ സ്ത്രീകളുടെ ആത്മഹത്യാനിരക്ക് കൂടി എന്ന് റിപ്പോര്‍ട്ടുകള്‍. ആരോഗ്യമന്ത്രാലയം ഇക്കഴിഞ്ഞ ആഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 2158 ആത്മഹത്യകളില്‍ മൂന്നില്‍ രണ്ട് ഭാഗവും പുരുഷന്മാരാണ്. 2019 ഒക്ടോബറിലെ കണക്കുകള്‍ വച്ചു നോക്കുമ്പോള്‍ പുരുഷന്മാരുടെ ആത്മഹത്യാനിരക്കില്‍ 20% വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ സ്ത്രീകളുടെ ആത്മഹത്യാനിരക്കില്‍ 80% ആണ് വര്‍ധനവ്. കുത്തനെയുള്ള ഈ വര്‍ധനവാണ് നിലവിലെ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റ് മുതലാണ് നിരക്ക് ഉയരാന്‍ തുടങ്ങിയത് എന്നതും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
ജൂലൈയോടെയാണ് സാഹചര്യങ്ങള്‍ മാറിത്തുടങ്ങിയതെന്നാണ് കൗണ്‍സിലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ജീവനൊടുക്കാന്‍ തോന്നുന്നു എന്നറിയിച്ചു കൊണ്ട് നൂറുകണക്കിന് കോളുകളാണ് ഓരോ കൗണ്‍സിലിംഗ് സെന്ററുകളിലുമെത്തിയത്. ഇതോടെയാണ് സ്ഥിതിഗതികള്‍ ഗുരുതരമാണെന്ന് മനസിലായതെന്നാണ് ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് സര്‍വീസ് സ്ഥാപകനായ കോകി ഒസോറ പറയുന്നത്. കോവിഡ് പ്രതിസന്ധി വരുത്തിയ സമ്മര്‍ദ്ദങ്ങള്‍ തന്റെ ക്ലയിന്റുകളുടെ ജീവിതത്തെ തലകീഴായി തന്നെ മറിച്ചുവെന്നാണ് സൈക്യാട്രിസ്റ്റ് ആയ ചിയോകോ ഉച്ചിദയുടെ വാക്കുകള്‍.
മഹാമാരി വ്യാപനത്തെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളിലും അടച്ചുപൂട്ടലുകളിലും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത് പാര്‍ട്ട് ടൈം ജോലികളിലും സ്ഥിരിമല്ലാത്ത ജോലികളിലും ഏര്‍പ്പെട്ടിരുന്ന ചെറുപ്പക്കാരായ സ്ത്രീകളാണ്. ടോക്യോ പ്രൊഫസറായ മിച്ചികോ ഉയിഡയുടെ നേതൃത്വത്തില്‍ നടന്ന ഒരു സര്‍വേയില്‍ ആത്മഹത്യ ചെയ്ത സ്ത്രീകളില്‍ മൂന്നില്‍ ഒരുഭാഗവും നാല്‍പ്പത് വയസില്‍ താഴെ മാത്രം പ്രായമുള്ളവരായിരുന്നു. ജോലി നഷ്ടപ്പെട്ടതും വരുമാനം ഇല്ലാതായതുമാണ് ഇവരെ കടുംകൈ എടുക്കാന്‍ പ്രേരിപ്പിച്ചതെന്നും സര്‍വേയില്‍ തെളിഞ്ഞു.
ജോലി നഷ്ടപ്പെട്ടതോടെ എങ്ങനെ ജീവിതം മുന്നോട്ട് പോകുമെന്നോര്‍ത്തും കുടുംബത്തെ എങ്ങനെ പിന്തുണയ്ക്കുമെന്നും ഓര്‍ത്ത് പല സ്ത്രീകളും കടുത്ത സമ്മര്‍ദ്ദത്തിലായി. ഇതാണ് ആത്മഹത്യകള്‍ക്ക് മുഖ്യ കാരണമെന്നാണ് ഫ്രീ കൗണ്‍സിലിംഗ് സേവനം നടത്തി വരുന്ന ഒസോറ പറയുന്നത്. ജോലി തുടര്‍ന്നവര്‍ക്കാകട്ടെ ജോലിസമയം നീണ്ടതും ഭാരിച്ച ജോലിയും അവരുടെ മാനസികാരോഗ്യത്തെ തന്നെ ബാധിച്ചുവെന്നും വിദഗ്ധര്‍ പറയുന്നു.
വീട്ടിലിരുന്നുള്ള ജോലി തുടക്കത്തില്‍ പലര്‍ക്കും സന്തോഷമായിരുന്നുവെങ്കിലും പിന്നീട് പല പ്രശ്‌നങ്ങളും ഉയര്‍ന്നു. പെട്ടെന്ന് ആരുടെയെങ്കിലും ഒരു പിന്തുണ ആവശ്യമുണ്ടെന്ന് തോന്നുമ്പോള്‍ അടുത്തൊരാള്‍ ഇല്ലാതെ വരുന്ന സാഹചര്യമാണ് വര്‍ക്ക് ഫ്രം ഹോം അന്തരീക്ഷം കൊണ്ടുണ്ടായത്. അതുപോല തന്നെ സീനിയറായ ആളുകളില്‍ നിന്നും ലഭിക്കുന്ന പിന്തുണയും പ്രോത്സാഹനവും കിട്ടാതെയായി.
ഓഫീസില്‍ ജോലി ചെയ്യുന്ന സമയങ്ങളില്‍ ഇത്തരത്തില്‍ ഒരു പ്രോത്സാഹനം ലഭിക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഇടയാക്കിയിരുന്നു. എന്നാല്‍ വീട്ടിലിരുന്ന് ജോലിയില്‍ ഇതും ഇല്ലാതെയായി. രോഗവ്യാപനത്തിന് മുമ്പ് ജപ്പാനിലെ ആത്മഹത്യാനിരക്കില്‍ പുരുഷന്മാരായിരുന്നു മുന്നില്‍. ധാരാളം കൗണ്‍സിലിംഗ് സംവിധാനങ്ങള്‍ ഉണ്ടെങ്കിലും സഹായം തേടാനുള്ള മടിയാണ് ആത്മഹത്യാനിരക്ക് കൂടാന്‍ കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.