ബുറെവി ചുഴലിക്കാറ്റ് : അഞ്ചു ജില്ലകളില്‍ വെള്ളിയാഴ്ച പൊതു അവധി ; തിരുവനന്തപുരം വിമാനത്താവളം അടച്ചിടും
ബുറെവി ചുഴലിക്കാറ്റിന്റെ ഭീഷണിയെ തുടര്‍ന്ന് അഞ്ചു ജില്ലകളില്‍ വെള്ളിയാഴ്ച (ഡിസംബര്‍ 4) പൊതു മേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ക്ക് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സര്‍വീസുകള്‍, തിരഞ്ഞെടുപ്പ് ചുമതലകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.
‘ബുറെവി’ ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍, തമിഴ്‌നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമര്‍ദമായി മാറിയിരിക്കുന്നു എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 2020 ഡിസംബര്‍ 3 ന് അര്‍ദ്ധരാത്രിയോടെ തന്നെ രാമനാഥപുരത്ത് കൂടി കരയില്‍ പ്രവേശിക്കും.
കാറ്റ് ഇന്ന് കേരളത്തിലെത്തില്ലെങ്കിലും സംസ്ഥാനത്ത് കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. നാളെ ഉച്ചയോടുകൂടി കേരളത്തിലെത്തുന്ന ബുറെവി അതിതീവ്ര ന്യൂനമര്‍ദ്ദമായി അറബികടലില്‍ പതിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു.
ബുറേവി ചുഴലിക്കാറ്റും അനുബന്ധിച്ചുണ്ടായേക്കാവുന്ന ന്യൂന്മര്‍ദ്ദത്തിന്റെയും പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലെ പോളിടെക്നിക് കോളേജുകളില്‍ വെള്ളിയാഴ്ച നടത്താനിരുന്ന സ്‌പോട് അഡ്മിഷന്‍ ശനിയാഴ്ചയിലേക്ക് മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. കേരളസര്‍വകലാശാല നാളെ (ഡിസംബര്‍ 4) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും പത്രകുറിപ്പില്‍ പറയുന്നു. എം.ജി സര്‍വകലാശാലയും ഡിസംബര്‍ 4 ലെ പരീക്ഷകള്‍ മാറ്റിവച്ചു.
അതുപോലെ ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ തിരുവനന്തപുരത്ത് വീശാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റ പശ്ചാത്തലത്തില്‍ തിരുവനന്തപുരം വിമാനത്താവളം നാളെ അടച്ചിടും. നാളെ രാവിലെ പത്ത് മണി മുതല്‍ മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നത്. സുരക്ഷ കണക്കിലെടുത്താണ് മുന്‍കരുതല്‍.