വ്യാജ കോവിഡ് വാക്‌സിന്‍ വിപണിയില്‍ എത്തുമെന്ന മുന്നറിയിപ്പുമായി ഇന്റര്‍പോള്‍

വ്യാജ കോവിഡ് വാക്‌സിനുകള്‍ വിപണിയില്‍ എത്തിയേക്കാം എന്ന മുന്നറിയിപ്പ് നല്‍കി ഇന്റര്‍പോള്‍. ഇന്റര്‍നെറ്റ് വഴിയോ അല്ലാതെയോ വ്യാജ വാക്‌സിനുകളുടെ പരസ്യം നല്‍കാനും അവ വില്‍ക്കാനും സാധ്യതയുണ്ടെന്നാണ് ഇന്റര്‍പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി 194 രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ക്കും ഇന്റര്‍പോള്‍ നോട്ടീസ് നല്‍കി. ഓറഞ്ച് നോട്ടീസ് ആണ് വ്യാജ വാക്‌സിന്‍ സംബന്ധിച്ച് ഇന്റര്‍പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്റര്‍ പോള്‍ ഓറഞ്ച് നോട്ടീസ് പുറപ്പെടുവിക്കുന്നത് പൊതു സുരക്ഷയ്ക്ക് ഭീഷണിയായ കാര്യങ്ങളെക്കുറിച്ചോ വ്യക്തികളെക്കുറിച്ചോ മുന്നറിയിപ്പ് നല്‍കാനാണ്.

കോവിഡ് വാക്‌സിനുകളുടെ അനധികൃത പരസ്യങ്ങള്‍, കൃത്രിമം കാണിക്കല്‍, മോഷണം തുടങ്ങിയവ തടയാന്‍ തയ്യാറെടുക്കണമെന്ന് നോട്ടീസില്‍ പറയുന്നു. വ്യാജ വാക്‌സിനുകള്‍ വില്‍ക്കാനുള്ള ശ്രമം നടത്തിയേക്കാമെന്നും വിശദീകരിക്കുന്നുണ്ട്. വ്യാജ വാക്‌സിനുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന വെബ്‌സൈറ്റുകള്‍ തിരിച്ചറിയണമെന്നും ജനങ്ങളുടെ ആരോഗ്യവും ജീവനും ഇത്തരം വാക്‌സിനുകള്‍ അപകടത്തിലാക്കുമെന്നും മുന്നറിയിപ്പില്‍ ഉണ്ട്. ഇതിനൊപ്പെം തന്നെ കോവിഡ് വാക്‌സിന്റെ വിതരണശ്യംഖലയുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നും ഇന്റര്‍പോള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോവിഡിനുള്ള വാക്‌സില്‍ ആദ്യം പൊതുജനത്തിനായി എത്തിക്കുന്നത് ബ്രിട്ടണ്‍ ആണ്. കഴിഞ്ഞദിവസം ആയിരുന്നു കോവിഡ് വാക്‌സിന്‍ പൊതുജനത്തിന് നല്‍കാന്‍ ബ്രിട്ടണ്‍ അനുമതി നല്‍കിയത്.