പെട്ടിമുടിയില്‍ ഇത്തവണ ആരും വോട്ട് ചെയ്യില്ല ; കാരണം വോട്ട് ചെയ്യാന്‍ ഇവിടെ ആരുമില്ല
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനം ചൂടും വാശിയുമേറുമ്പോള്‍ ഇത്തവണ വോട്ടുതേടി ആരും ചെല്ലാത്ത ഒരു നാടുണ്ട് പെട്ടിമുടി. ദുരന്തം സര്‍വ്വവും കവര്‍ന്നെടുത്ത അവിടെ വോട്ട് ചെയ്യാനും ഇത്തവണ ആരുമില്ല. ദുരന്തം ബാക്കി വച്ചവരും ഈ ശ്മശാന ഭൂമി ഉപേക്ഷിച്ചു പോയിക്കഴിഞ്ഞു. കഴിഞ്ഞ തവണ കൊടി തോരണങ്ങളും പോസ്റ്ററുകളും കൊണ്ട് നിറഞ്ഞ ആവേശ പ്രചരണമായിരുന്നു പെട്ടി മുടിയില്‍. എന്നാല്‍, ഇന്ന് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉഴുതമറിച്ച ശ്മശാന ഭൂമിയില്‍ ആരും ബാക്കിയില്ല. ഇത്തവണ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ ഒഴിവാക്കിയ മേഖലയും ഇവിടെയാകും.
മരിച്ചുവെന്ന് രേഖപ്പെടുത്തി ഒഴിവാക്കിയത് നാല്‍പ്പത്തിയാറ് വോട്ടര്‍മാരെയാണ്. മൂന്നാര്‍ പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡായ രാജമലയുടെ ഭാഗമാണ് പെട്ടിമുടി ഡിവിഷന്‍. 880 വോട്ടര്‍മാരുള്ള വാര്‍ഡില്‍ കഴിഞ്ഞ തവണ രണ്ട് ബൂത്തുകളാണ് ഉണ്ടായിരുന്നത്. രാജമല എല്‍ പി സ്‌കൂളില്‍ എത്തിയാണ് പെട്ടിമുടിക്കാര്‍ വോട്ട് രേഖപ്പെടുത്തിയത്. 460 വോട്ടര്‍മാരാണ് ഈ ബുത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാല്‍പ്പത്തിയാറ് വോട്ടര്‍മാരാണ് ദുരന്തത്തില്‍ മരിച്ചത്. ബാക്കി ഉണ്ടായിരുന്ന സമീപത്തെ ലങ്ങളിലെയടക്കം 122 പേരെ കണ്ണന്‍ദേവന്‍ കമ്പനി ഇവിടെ നിന്നും മാറ്റി പാര്‍പ്പിക്കുകയും ചെയ്തു.ഇതോടെ പെട്ടിമുടിയും സമീപപ്രദേശവും അനാഥമായി. വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍മാരും. വോട്ട് ചോദിക്കാന്‍ സ്ഥാനാര്‍ത്ഥികളും കയറാത്ത മലമുകളായി നിലനില്‍ക്കുകയാണ് പെട്ടിമുടി.