പ്രായ പൂര്‍ത്തിയാകാത്ത മകളെ ഒന്‍പത് മാസത്തോളം പീഡനത്തിന് ഇരയാക്കിയ പിതാവ് അറസ്റ്റില്‍

മകളെ ഒന്‍പതു മാസത്തിലേറെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകളുടെ അസാധാരണമായ പെരുമാറ്റം അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ്. വഡോദര സാവ്‌ലി താലൂക്കിലെ നസീറ ഗ്രാമത്തിലുള്ള ഓട്ടോറിക്ഷാ ഡ്രൈവറായ 38 കാരനാണ് അറസ്റ്റിലായത്.ഒന്‍പത് മാസം മുന്‍പാണ് ഇയാള്‍ മകളെ ലൈംഗികമായി ചൂഷണം ചെയ്തു തുടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. അമ്മ വീട്ടില്‍ നിന്നും പുറത്തു പോകുമ്പോഴായിരുന്നു മകള്‍ക്കു നേരെയുള്ള ഇയാളുടെ പരാക്രമം.

മകളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടതിനെ തുടര്‍ന്ന് അമ്മ ചോദ്യം ചെയ്തപ്പോഴാണ് മകള്‍ അച്ഛന്റെ ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നു പറയാന്‍ തയാറായത്. ഇക്കാര്യം അമ്മ പിതാവിനോട് ചോദിച്ചെങ്കിലും എല്ലാവരെയും കൊല്ലുമെന്നായിരുന്നു ഇയാളുടെ ഭീഷണി. ഇതോടെയാണ് മാതാവ് പൊലീസിനെ സമീപിച്ചത്. പരാതിയെ തുടര്‍ന്ന് ദര്‍ദവ പൊലീസ് പിതാവിനെ അറസ്റ്റു ചെയ്തു. 14 കാരിയായ മകളെ കൂടാതെ ഇയാള്‍ക്ക് മകനുമുണ്ട്.