അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് മൂന്നാമതും നോട്ടീസ് ; ഈ മാസം 10ന് ഹാജരാകണം
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് വീണ്ടും എന്‍ഫോഴ്‌സ്‌മെനറ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ഇത് മൂന്നാം വട്ടമാണ് രവീന്ദ്രന് ഇ.ഡി നോട്ടീസ് അയയ്ക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട ദിവസമാണ് ഇ.ഡി. രവീന്ദ്രനെ വിളിച്ചിരിക്കുന്നത്.
മുന്‍പ് രണ്ട് പ്രാവശ്യവും ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ഹാജരായിരുന്നില്ല. ആദ്യം നവംബര്‍ ആറിന് നോട്ടീസയച്ചപ്പോള്‍ കോവിഡ് ബാധിച്ചുവെന്ന മറുപടി നല്‍കി ഒഴിഞ്ഞുമാറി. കോവിഡാനന്തര രോഗങ്ങള്‍ ചൂണ്ടിക്കാട്ടി നവംബര്‍ 27 നും ഹാജരായില്ല. ഈ സാഹചര്യത്തിലാണ് മൂന്നാം വട്ടം നോട്ടീസയച്ചത്. രവീന്ദ്രന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്ത് വിവരങ്ങളുടെ രേഖകള്‍ ഹാജരാക്കണമെന്നും ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ വടകരയില്‍ രവീന്ദ്രനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ഇ.ഡി. പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചു. സി.എം. രവീന്ദ്രന്റെ സ്വത്ത് വിവരങ്ങള്‍ തേടി രജിസ്‌ട്രേഷന്‍ വകുപ്പിന് ഇ.ഡി.കത്തയയ്ക്കുകയും ചെയ്തു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ മേഖലാ ഓഫീസുകള്‍ക്കാണ് കത്തയച്ചത്. ഇത്തരത്തില്‍ രവീന്ദ്രന്റെ പണമിടപാടും സ്വത്തുക്കളും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് ചോദ്യം ചെയ്യല്‍.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സി.എം. രവീന്ദ്രന്‍ പല പ്രാവശ്യം വിളിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. സ്വപ്നയുടെ മൊഴിയിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ശിവശങ്കര്‍ അല്ലാതെ മുഖ്യമന്ത്രിയുടെ ഓഫിസിലെ ആരെല്ലാമായി പരിചയമുണ്ടെന്ന ചോദ്യത്തിനാണ് സ്വപ്ന സി.എം. രവീന്ദ്രന്റെ പേര് പരാമര്‍ശിച്ചത്. യു.എ.ഇ. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് വിസ സ്റ്റാമ്പിങ്ങിനായാണ് രവീന്ദ്രന്‍ വിളിച്ചതെന്നാണ് സ്വപ്ന മൊഴി നല്‍കിയത്.
എന്നാല്‍ കെ- ഫോണ്‍ അടക്കമുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ രവീന്ദ്രന്‍ ഇടപെട്ടതായും സൂചനയുണ്ട്. ഇദ്ദേഹത്തിന് ചില ബിനാമി ബിസിനസുകള്‍ ഉണ്ടെന്നും ഇ.ഡി. സംശയിക്കുന്നു. ശിവശങ്കറുമായി വളരെ അടുത്ത ബന്ധമാണ് സി.എം.രവീന്ദ്രനുളളത്. ശിവശങ്കര്‍ കസ്റ്റഡിയിലുള്ളപ്പോള്‍ തന്നെ ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യാനായിരുന്നു ഇ.ഡി.യുടെ ലക്ഷ്യം.