ആദ്യ ടി20യില്‍ 11 റണ്‍സ് വിജയം നേടി ഇന്ത്യ

ഓസീസിനെതിരെയുള്ള ടി20 മത്സരത്തില്‍ ഇന്ത്യക്ക് വിജയ തുടക്കം. ടോസ് നേടി ആദ്യം ബൌളിങ് തെരഞ്ഞെടുത്ത ഓസീസിനെതിരെ 7 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 161 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിനിറങ്ങിയ ഓസീസ് 7 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് മാത്രമാണ് എടുത്തത്.

162 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കംഗാരുപ്പടക്ക് മല്‍സരത്തില്‍ ലഭിച്ച മികച്ച തുടക്കം മുതലാക്കാനായില്ല. ഫിഞ്ചും ഷോര്‍ട്ടും ചേര്‍ന്ന് നേടിയ ആദ്യ വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പിന്റെ ആനുകൂല്യം തുടരാന്‍ പിന്നീടുവന്നവര്‍ക്ക് സാധിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റു വീഴ്ത്തിയ ചാഹലും നടരാജനുമാണ് കളി ഇന്ത്യയുടെ വരുതിയിലാക്കിയത്. ചാഹല്‍ നാലോവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ നടരാജന്‍ നാലോവറില്‍ 30 റണ്‍സ് വഴങ്ങിയാണ് മാക്‌സ്‌വെല്ലിന്റെ അടക്കം മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ നേടിയത്. ഓസീസിനായി ആരോണ്‍ ഫിഞ്ച് 35 റണ്‍സും ഹെന്റ്റിക്വസ് 30 റണ്‍സും ഷോര്‍ട്ട് 34 റണ്‍സും നേടി.

അതേസമയം ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ നേരത്തെ രാഹുലിനെക്കൂടാതെ മികച്ച പ്രകടനം പുറത്തെടുത്തത് ജഡേജയും സഞ്ജു സാസംണും മാത്രമാണ്. 40 പന്തില്‍ അഞ്ച് ബൌണ്ടറിയും ഒരു സിക്‌സറുമുള്‍പ്പടെ 51 രാഹുല്‍ നേടിയപ്പോള്‍ 15 പന്തില്‍ ഒരു ബൌണ്ടറിയും ഒരു സിക്‌സറുമായി സഞ്ജു 23 റണ്‍സ് നേടി. അവസാന ഓവറില്‍ ആഞ്ഞടിച്ച ജഡേജയാണ് ടീം സ്‌കോര്‍ 150 കടത്തിയത്. 23 പന്തില്‍ അഞ്ച് ബൌണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പടെ ജഡേജ 44 റണ്‍സെടുത്തു.

ടോസ് നേടി ബൌളിങ് തെരഞ്ഞെടുത്ത ഓസീസ് ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ചുകൊണ്ട് രണ്ടാം ഓവറിലെ അവസാന പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക് ശിഖര്‍ ധവാനെ ബൌള്‍ഡ് ആക്കുകയായിരുന്നു. പിന്നീടെത്തിയ കോഹ്‌ലിയെയും നിലയുറപ്പിക്കുന്നതിന് മുമ്പ് ഇന്ത്യക്ക് നഷ്ട്മായി. സ്വെപ്‌സണിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് കോഹ്‌ലി പുറത്തായത്. ശിഖര്‍ ധവാന്‍ ആറു പന്തില്‍ ഒരു റണ്‍സും കോഹ്‌ലി ഒന്‍പത് പന്തില്‍ ഒന്‍പത് റണ്‍സുമാണ് നേടിയത്.

പിന്നീടെത്തിയ സഞ്ജു കെ.എല്‍ രാഹുലുമൊത്ത് ടീം സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും ഹെന്റിക്വസിന്റെ സ്ലോ ബോളില്‍ എക്‌സ്ട്രാ കവറില്‍ ക്യാച്ച് നല്‍കി പുറത്താകുകയായിരുന്നു. പുറത്താകുന്നതിന് മുമ്പ് സ്വെപ്‌സണെതിരെ ഒരു പടുകൂറ്റന്‍ സിക്‌സറും സഞ്ജു നേടി. പിന്നീടെത്തിയ മനീഷ് പാണ്ഡെ വന്നതും പോയതും വളരെ വേഗത്തിലായിരുന്നു. എട്ടു പന്തില്‍ റണ്‍സ് മാത്രം നേടിയ മനീഷ് പാണ്ഡയെ ആദം സാംപയാണ് പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ ടീം ടോപ് സ്‌കോററായ രാഹുലിനെയും ഇന്ത്യക്ക് നഷ്ടമായി.