തമിഴ്നാടിനെ വിറപ്പിച്ച് ബുറേവി ; 13 മരണം

തമിഴ്നാ ടിന്റെ തീരദേശ മേഖലയില്‍ വ്യാപക നാശം വിതച്ച് ബുറേവി. അതിശക്തമായ മഴയാണ് തമിഴ്നാടിന്റെ വിവിധ ജില്ലകളില്‍ രേഖപ്പെടുത്തിയത്. 13 മരണമാണ് ഇതുവരെ റിപ്പോര്‍ട്ടു ചെയ്തത്.  കാഞ്ചീപുരത്ത് അഞ്ച് പേരും കടലൂരില്‍ മൂന്നു പേരും കുംഭകോണത്ത് രണ്ടു പേരും ചെന്നൈ, കള്ളാകുറിച്ചി, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്. വീട് തകര്‍ന്നും ഒഴുക്കില്‍പ്പെട്ടും പത്ത് പേരും ഷോക്കേറ്റ് മൂന്ന് പേരുമാണ് മരിച്ചത്. ആയിരത്തോളം വീടുകള്‍ ഭാഗികമായും 32 വീടുകള്‍ പൂര്‍ണമായി തകര്‍ന്നുവെന്നാണ് പ്രാഥമിക കണക്കുകള്‍. ഒരു ലക്ഷത്തോളം ഏക്കര്‍ സ്ഥലത്തെ കാര്‍ഷിക വിളകള്‍ പൂര്‍ണമായും നശിച്ചു. കടലൂരിലാണ് കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ടു ചെയ്തത്. ജില്ലയിലെ അന്‍പതിനായിരം പേരെ ദുരിതാശ്വാസ ക്യാംപുകളിലേയ്ക്ക് മാറ്റി.

കനത്ത മഴയില്‍ ചെന്നൈയിലും വെള്ളക്കെട്ട് തുടരുകയാണ്. ചെമ്പരമ്പാക്കം തടാകത്തില്‍ നിന്ന് 4000 ഘന അടി വെള്ളമാണ് നിലവില്‍ പുറത്തേയ്ക്ക് ഒഴുക്കി കളയുന്നത്. ആയിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചു. ബുറെവി ചുഴലിക്കാറ്റ് തീവ്ര ന്യൂനമര്‍ദ്ദമായി മാറി, മാന്നാര്‍ കടലിടുക്കില്‍ തുടരുകയാണ്. ഏഴ് മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം നിവാര്‍ ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങളെ കുറിച്ച് പഠിയ്ക്കാന്‍ നിയോഗിച്ച കേന്ദ്ര സംഘം ഇന്ന് തമിഴ്നാട്ടിലെത്തും. വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി ചര്‍ച്ച നടത്തും. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് തമിഴ്നാടിന്റെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിയ്ക്കുക. ചെന്നൈ, ചെങ്കല്‍പേട്ട്, കടലൂര്‍, വെല്ലൂര്‍ ജില്ലകളില്‍ സംഘമെത്തും. എട്ടാം തീയ്യതി ഇവര്‍ മടങ്ങും.