ഇന്ത്യയിലെ ഹ്യുണ്ടായ് കോന ഇലക്ട്രിക് SUVകള്‍ കമ്പനി തിരിച്ചുവിളിച്ചു ; കാരണം ബാറ്ററി തകരാറ്

ബാറ്ററിയുടെ തകരാറ് പരിശോധിക്കുന്നതിന്റെ ഭാഗമായി ഹ്യുണ്ടായ് കോന ഇലക്ട്രിക് എസ്.യു,വി കാറുകള്‍ കമ്പനി തിരിച്ചു വിളിച്ചു. 2019 ഏപ്രില്‍ ഒന്നിനും 2020 ഒക്ടോബര്‍ 31നും ഇടയില്‍ നിര്‍മിച്ച എസ്.യു.വികളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഹൈ വോള്‍ട്ടേജ് ബാറ്ററി മാനേജ്‌മെന്റ് സംവിധാനത്തിലെ പോരായ്മകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് തിരിച്ചുവിളിക്കല്‍. 13 ഓളം കോന ഇവി കാറുകള്‍ക്ക് തീപിടിച്ചതിന് ശേഷമാണ് ഈ തിരിച്ചുവിളിക്കല്‍ ആരംഭിച്ചത്.

അതിനുശേഷം വിവിധ രാജ്യങ്ങളില്‍ തിരിച്ചുവിളിക്കല്‍ പ്രക്രിയ ആരംഭിച്ചു. ഇപ്പോള്‍ ഇത് ഇന്ത്യയില്‍ നടപ്പാക്കുന്നുവെന്ന് മാത്രം. മുകളില്‍ പറഞ്ഞ സമയത്ത് നിര്‍മിച്ച 456 കാറുകളാണ് ഇതുവരെ ഹ്യുണ്ടായ് വിറ്റത്. വാഹന ഉടമകളുമായി ബന്ധപ്പെട്ട ഹ്യുണ്ടായ് കമ്പനി, പരിശോധനകള്‍ക്കായി വാഹനങ്ങള്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. ബാറ്ററി സംവിധാനത്തില്‍ എന്തെങ്കിലും പ്രശ്‌നം കണ്ടെത്തിയാല്‍ പുതിയ പാര്‍ട്‌സുകള്‍ നല്‍കാമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു.

കുറച്ച് വര്‍ഷങ്ങളായി ഹ്യൂണ്ടായ് ഈ മോഡല്‍ ആഗോളതലത്തില്‍ വില്‍ക്കുന്നുണ്ടെങ്കിലും, ഇലക്ട്രോണിക് വെഹിക്കിള്‍ സാങ്കേതിക വിദ്യ ഇപ്പോഴും കാര്‍ നിര്‍മ്മാതാക്കള്‍ക്കും വാങ്ങുന്നവര്‍ക്കും ഒരുപോലെ പുതിയ അനുഭവമാണ്. നിര്‍മാണത്തിലെ തകരാറുമൂലം ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യത മുന്നില്‍കണ്ട് ഈ വര്‍ഷം ഒക്ടോബറിലെ തിരിച്ചുവിളിക്കലുമായി ഈ തിരിച്ചുവിളിക്കല്‍ ബന്ധപ്പെട്ടിരിക്കാമെന്നാണ് വിവരം.

 

ടിഗോര്‍ ഇലക്ട്രിക്, ഇ-വെരിറ്റോ എന്നിവയെക്കാള്‍ ഇരട്ടിയിലേറെ വിലയുള്ള കാറാണ് കോന ഇലക്ട്രിക്, 23.76 ലക്ഷം രൂപയാണ് ഇതിന്റെ വില. ഒറ്റചാര്‍ജില്‍ 452 കിലോമീറ്റര്‍ ദൂരം നിഷ്പ്രയാസം കോന പിന്നിടുമെന്നാണ് കമ്പനിയുടെ ഉറപ്പ്. കിലോമീറ്ററിന് വെറും 40 പൈസ മാത്രമാണ് കോനയുടെ റണ്ണിങ് കോസ്റ്റ്. 134 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറും 39.2 kWh ലിഥിയം അയേണ്‍ പോളിമെര്‍ ബാറ്ററിയുമാണ് ഇലക്ട്രിക് കോനയിലുള്ളത്. എളുപ്പത്തില്‍ വേഗതയാര്‍ജിക്കാനും സാധിക്കും. 9.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലെത്താം. 2017 സെപ്റ്റംബറിനും 2020 മാര്‍ച്ചിനും ഇടയില്‍ നിര്‍മ്മിക്കപ്പെട്ട ലോകമെമ്പാടുമുള്ള കോന ഇവിയുടെ 25,645 യൂണിറ്റുകളെ ഈ തിരിച്ചുവിളിക്കല്‍ ബാധിച്ചേക്കാം.