ടി-20 പരമ്പര ഇന്ത്യ സ്വന്തമാക്കി
ആസ്‌ട്രേലിയക്കെതിരെ രണ്ടാം ടി-20 മത്സരത്തിലും ഇന്ത്യക്ക് ജയം. ഇതോടെ ടി-20 പരമ്പര ഇന്ത്യ സ്വന്തമാക്കി. അവസാന ഓവറില്‍ 14 റണ്‍സ് ജയത്തിനായി നേടേണ്ടിയിരുന്ന ഇന്ത്യയ്ക്കായി ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മികവില്‍ ആണ് ഇന്ത്യ ആസ്‌ട്രേലിയയ്‌ക്കെതിരെ വിജയം കരസ്ഥമാക്കിയത്. 36 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ ഹാര്‍ദ്ദിക്-ശ്രേയസ്സ് അയ്യര്‍ സഖ്യമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഹാര്‍ദ്ദിക് 22 പന്തില്‍ 42 റണ്‍സ് നേടിയപ്പോള്‍ ശ്രേയസ്സ് അയ്യര്‍ 5 പന്തില്‍ 12 റണ്‍സുമായി പുറത്താകാതെ നിന്നു.
നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് ആസ്‌ട്രേലിയ നേടിയത്. 58 റണ്‍സെടുത്ത മാത്യു വെയ്ഡ് ആണ് ഓസ്‌ട്രേലിയയുടെ ടോപ്പ് സ്‌കോറര്‍. സ്റ്റീവ് സ്മിത്ത് (46), ഹെന്റിക്കസ് (26) തുടങ്ങിയവരും തിളങ്ങി. ഇന്ത്യക്കായി നടരാജന്‍ 2 വിക്കറ്റ് വീഴ്ത്തി. തുടക്കം മുതല്‍ തന്നെ ആക്രമിച്ചാണ് ആസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലെത്തിയത്. ഡാര്‍സി ഷോര്‍ട്ടിനെ (9) ശ്രേയാസ് അയ്യരുടെ കൈകളിലെത്തിച്ച നടരാജന്‍ ആണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. ആദ്യ വിക്കറ്റില്‍ 47 റണ്‍സാണ് ഷോര്‍ട്ട്-വെയ്ഡ് സഖ്യം കൂട്ടിച്ചേര്‍ത്തത്. ഇതിനിടെ 25 പന്തുകളില്‍ വെയ്ഡ് ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ വെയ്ഡ് (58) മടങ്ങി. താരം റണ്ണൗട്ടാവുകയായിരുന്നു.
ആസ്‌ട്രേലിയയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ടീമിന് മികച്ച തുടക്കമാണ് നല്‍കിയത്. ലോകേഷ് രാഹുലും ശിഖര്‍ ധവാനും ചേര്‍ന്ന് 5.2 ഓവറില്‍ 56 റണ്‍സ് നേടിയപ്പോളേക്കും 22 പന്തില്‍ 30 റണ്‍സ് നേടിയ രാഹുലിന്റെ വിക്കറ്റ് ആന്‍ഡ്രേ ടൈ വീഴ്ത്തുകയായിരുന്നു. പിന്നീട് ധവാനും വിരാട് കോഹ്‌ലിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 49 റണ്‍സ് കൂടി നേടി. ആഡം സംപ 36 പന്തില്‍ 52 റണ്‍സ് നേടിയ ശിഖര്‍ ധവാനെ മടക്കി.
ആന്‍ഡ്രൂ ടൈ എറിഞ്ഞ 19ാം ഓവറില്‍ ഹാര്‍ദ്ദിക് രണ്ട് ഫോര്‍ നേടിയപ്പോള്‍ ലക്ഷ്യം 6 പന്തില്‍ 14 റണ്‍സായി മാറി. ഓവറിലെ ആദ്യ പന്തില്‍ ഡബിള്‍ നേടിയ ഹാര്‍ദ്ദിക് രണ്ടാം പന്ത് സിക്‌സര്‍ പറത്തി ലക്ഷ്യം നാല് പന്തില്‍ ആറാക്കി മാറ്റി. ഓവറിലെ നാലാം പന്തില്‍ ഒരു സിക്‌സര്‍ കൂടി നേടി ഇന്ത്യയെ ഹാര്‍ദ്ദിക് ആറ് വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഡാനിയേല്‍ സാംസ് എറിഞ്ഞ അവസാന ഓവറില്‍ രണ്ട് സിക്‌സര്‍ നേടി ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയവും പരമ്പരയും നേടിക്കൊടുക്കുകയായിരുന്നു.