നാസ്തികമതം: ഓസ്ട്രിയയിലെ പുതിയ സംരംഭം
വര്‍ഗീസ് പഞ്ഞിക്കാരന്‍
‘റിലീജിയന്‍’ എന്ന വാക്കിന്റെ പരിഭാഷ ‘മതം’ എന്നാണല്ലോ സാധാരണ ഉപയോഗത്തില്‍ നിന്നും മനസിലാക്കുന്നത്. എന്നാല്‍ ‘മതം’ എന്ന് പറഞ്ഞാല്‍ ‘അഭിപ്രായം’ എന്ന് മാത്രമേ സാധാരണയായി അര്‍ത്ഥമുള്ളൂ. ലാറ്റിന്‍ ഭാഷയില്‍ നിന്ന് ഉത്ഭവിച്ച ‘റിലീജിയന്‍’ എന്ന വാക്കിനു ‘അറ്റുപോയതുമായി വീണ്ടും ബന്ധിപ്പിക്കുക’ എന്നാണ് വിവക്ഷ. ഈ ആശയത്തിന്റെ ചുവടുപിടിച്ചാണ് ഓസ്ട്രിയയിലെ നാസ്തികമതത്തിന്റെ വളര്‍ച്ച.
മനുഷ്യന്‍ പ്രകൃതിയുടെ വിളവാണ്, മറ്റു ജീവജാലങ്ങളും. പക്ഷെ മനുഷ്യന്‍ സ്വയം പ്രകൃതിയില്‍ നിന്ന് വിട്ടുപോയിരിക്കുന്നു, അറ്റുപോയിരിക്കുന്നു. പ്രകൃതിയില്‍ ജീവിച്ചു, ഈ പ്രപഞ്ചം എന്ന അത്ഭുതത്തില്‍ ലയിച്ചു, അതില്‍ മുഴുകി, അതിനെ പരിപോഷിപ്പിച്ചു മുന്നോട്ടുപോകുന്നതിനു പകരം മനുഷ്യന്‍ അതിന്റെ ഒക്കെ പിന്നില്‍ ‘ദൈവം’ എന്നൊക്കെ പറയപ്പെടുന്ന ഒരു ശക്തി ഉണ്ടെന്നു സ്ഥാപിച്ചുകൊണ്ടും ആ ശക്തിയെ പ്രീതിപ്പെടുത്തേണ്ടത് ആവശ്യം എന്ന് പ്രഖ്യാപിച്ചുകൊണ്ടും, അല്ലെങ്കില്‍ വിനാശമാണ് എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടും ആ ശക്തിയുടെ പേരില്‍ ഒരു ബിസിനസ്സ് തന്നെ ചരിത്രാതീതകാലം മുതല്‍ തന്നെ ആരംഭിച്ചിരുന്നു. ഇന്നത്തെ റിലീജിയന്‍സ് പലതും അതിന്റെ വകഭേദങ്ങളായിട്ടുവേണം അനുമാനിക്കാന്‍.
‘ദൈവം’ എന്നൊക്കെ പറയപ്പെടുന്നത് അഥവാ വിളിക്കപ്പെടുന്നത് ഓരോ സംസ്‌കാരങ്ങളുടെ സൃഷ്ടി മാത്രം ആണ് എന്നാണു ഓസ്ട്രിയയിലെ നാസ്തികരുടെ റിലീജിയന്‍ മുന്‍പോട്ടു വയ്ക്കുന്ന തത്വം. അതിന്റെ സ്ഥാപകനായ വില്‍ഫ്രഡ് അപ്ഫാള്‍ട്ടര്‍ അവകാശപ്പെടുന്നത് ദൈവ/ങ്ങള്‍ മനുഷ്യരുടെ സൃഷ്ടി/കള്‍ ആണെന്നും നേരെ മറിച്ചു അല്ല എന്നും ആണ്. ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു…’ എന്നാണല്ലോ വയലാറിലെ ചിന്തകന്‍ പാടിയത്.
ദൈവത്തെ സൃഷ്ടിച്ചുകൊണ്ട് മനുഷ്യര്‍ വരുത്തിയതും വരുത്തിക്കൊണ്ടിരിക്കുന്നതുമായ അന്ധതകളും അടിമത്തവും വിപത്തുകളും മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് ഓസ്ട്രിയയിലെ ഈ അത്യാധുനിക മതത്തിന്റെ അനുയായികള്‍ നാസ്തികമതം സ്ഥാപിച്ചത്. നാസ്തികത്വവും റിലീജിയനും (‘മതം’) പരസ്പര വൈരുദ്ധ്യം ഉള്ള രീതികള്‍ അഥവാ ആശയങ്ങള്‍ ആണ്, നാസ്തികര്‍ക്കു റിലീജിയന്‍ (മതം) രൂപീകരിക്കാനുള്ള അവകാശം ഇല്ല, എന്ന എതിരഭിപ്രായത്തെ വില്‍ഫ്രഡ് അപ്ഫാള്‍ട്ടര്‍ ഖണ്ഡിക്കുകയാണ്. ആഗോളതലത്തില്‍ ഒരു റിലീജിയന്‍ (മതം) ആയിട്ടുതന്നെ അംഗീകാരം ലഭിച്ചിട്ടുള്ള ബുദ്ധിസത്തില്‍ സര്‍വശക്തനും സര്‍വവ്യാപിയും എല്ലാത്തിന്റെയും ശ്രഷ്ടാവും ആയ ഒരു ദൈവത്തിനോ പല ദൈവങ്ങള്‍ക്കോ യാതൊരു സ്ഥാനവും ഇല്ലാത്തതിനാല്‍ റിലീജിയന്‍ ദൈവകേന്ദ്രീകൃതമാകേണ്ട ആവശ്യം ഇല്ല എന്ന് ചരിത്ര – രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളുടെ പാശ്ചാത്തലത്തില്‍ അദ്ദേഹം സമര്‍ത്ഥിക്കുന്നു.
പ്രപഞ്ചപ്രതിഭാസങ്ങളുടെ പരസ്പരബന്ധങ്ങളെയും അതില്‍ മനുഷ്യനുള്ള സ്ഥാനത്തേയും പറ്റിയുള്ള ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് നാസ്തികമതം തുടങ്ങിയതെന്നും മനുഷ്യര്‍ക്ക് ജീവിതത്തില്‍ പ്രജോതനം നല്‍കുന്ന വിധത്തില്‍ ഉള്ള ആചാരങ്ങളും ആഖ്യാനങ്ങളും ഈ കൂട്ടായ്മയില്‍ വളര്‍ത്തി എടുക്കും എന്ന് പ്രവര്‍ത്തകസമിതി അംഗമായ നിക്കൊളാസ്സ് ബിയോഷ്-വൈസ് പറഞ്ഞു.
അതേസമയം, അസ്തിത്വം, നോണ്‍-ആസ്തിത്വം, നാസ്തിത്വം എന്നിവയില്‍ ഏതെങ്കിലും വിശ്വാസത്തില്‍ ഒറ്റക്കോ കൂട്ടായ്മയിലോ പ്രൈവറ് ആയിട്ടോ പൊതുവായിട്ടോ ആചാരക്രമങ്ങളില്‍ പങ്കെടുക്കുകയോ പങ്കെടുക്കാതിരിക്കുകയോ ചെയ്യുന്ന വ്യക്തികളും അത്തരം വ്യക്തികളുടെ കൂട്ടായ്മയും ‘റിലീജിയന്‍’ എന്ന ആശയത്തിന്റെ ഉള്ളടക്കം ആണ് എന്ന് യുറോപിയന്‍ യൂണിയന്റെ മതസ്വാതന്ത്ര്യ മാര്‍ഗനിര്‍ദ്ദേശരേഖകളില്‍ പറയുന്നുമുണ്ട്.
നാസ്തികമതത്തിനു ഓസ്ട്രിയയില്‍ റിലീജിയന്‍ ആയി അംഗീകാരം ലഭിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സംഘാടകര്‍. വിശ്വാസികളുടെ ഒരു സമൂഹം എന്ന നിലയില്‍ 20 വര്‍ഷം എങ്കിലും പ്രവര്‍ത്തിക്കുകയും കുറഞ്ഞത് 300 അംഗങ്ങള്‍ എങ്കിലും ഉണ്ടെങ്കിലും മാത്രമേ അംഗീകാരത്തിനുള്ള അപേക്ഷ കൊടുക്കാന്‍ അവകാശമുള്ളൂ. ഓസ്ട്രിയയിലെ നാസ്തികമതത്തിനു 353 അംഗങ്ങള്‍ ഇതിനോടകം ആയിക്കഴിഞ്ഞു. മാനവസംസ്‌കാരത്തിനു ഒരു പുതിയ ചിന്താധാര നല്‍കാനും ‘റിലീജിയന്‍’ എന്നതിന്റെ സാക്ഷാല്‍ അര്‍ത്ഥവുമായി ബന്ധപ്പെട്ട രീതിയിലുള്ള ജീവിതത്തിലേക്ക് മനുഷ്യരെ ആകര്‍ഷിക്കാനും ഈ ചിന്താധാരയ്ക്കു സാധിക്കും എന്നാണ് ഓസ്ട്രിയന്‍ നാസ്തിക മതത്തിന്റെ സംഘാടകരുടെ പ്രതീക്ഷ.