രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു
രാജ്യത്തെ കോവിഡ് വ്യാപനം കുറയുന്നുവെന്ന സൂചനകള്‍ നല്‍കി പ്രതിദിന കണക്കുകള്‍. ഒരിടവേളയ്ക്ക് ശേഷം കോവിഡ് കേസുകളില്‍ വര്‍ധവുണ്ടായെങ്കിലും ഇപ്പോള്‍ വീണ്ടും കുറഞ്ഞുവരികയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ ഒറ്റദിവസത്തില്‍ രോഗികളെക്കാള്‍ രോഗമുക്തി നേടിയവരുടെ എണ്ണമാണ് കൂടുതല്‍. 24 മണിക്കൂറിനിടെ 39,109 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,981 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 96,77,203 ആയി. നിലവില്‍ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 91,39,901 ആയി ഉയര്‍ന്നിട്ടുണ്ട്.
സജീവ കേസുകള്‍ നാല് ലക്ഷത്തില്‍ താഴെയായതും മരണനിരക്കില്‍ കുറവ് വന്നതുമാണ് ആശ്വാസം പകരുന്ന മറ്റ് കാര്യങ്ങള്‍. നിലവില്‍ 3,96,729 പേരാണ് കോവിഡ് ചികിത്സയില്‍ തുടരുന്നത്. അതുപോലെ തന്നെ പ്രതിദിന മരണക്കണക്കുകളിലും വന്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 391 മരണങ്ങള്‍ ഉള്‍പ്പെടെ ഇതുവരെ 1,40,573 കോവിഡ് മരണങ്ങളാണ് രാജ്യത്ത് നടന്നത്.
കോവിഡ് പരിശോധനയും വിട്ടുവീഴ്ചയില്ലാതെ തന്നെ തുടരുന്നുണ്ട്. പ്രതിദിനം പത്തുലക്ഷത്തോളം പേര്‍ക്കാണ് രോഗപരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം മാത്രം 8,01,081 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്കനുസരിച്ച് ഇതുവരെ പതിനഞ്ചു കോടിയോളം സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളത്.