അഞ്ച് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്

അഞ്ച് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടമായ നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പോളിംഗ് നടക്കുന്നത്. എല്ലാ മുന്നണികളും ഒരുപോലെ വിജയ പ്രതീക്ഷയിലാണ്. നിശബ്ദ പ്രചരണ ദിനമായ ഇന്ന് വോട്ടര്‍മാരെ നേരില്‍ കണ്ട് അവസാന വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനര്‍ത്ഥികള്‍. മൂന്നുഘട്ടമായി നടക്കുന്ന തദ്ദേശീയ തിരഞ്ഞെടുപ്പ് ഡിസംബര്‍ 8, 10, 14 തീയതികളിലാണ് നടക്കുന്നത്. ഡിസംബര്‍ 16 ന്നാണ് വോട്ടെണ്ണല്‍. രാവിലെ ഏഴു മണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് വോട്ടിംഗ് സമയം. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചയിരിക്കും വോട്ടെടുപ്പ് നടത്തുന്നത്.

പോളിംഗ് സാമഗ്രഹികളുടെ വിതരണം ഇന്ന് എട്ടുമണിയോടെ ആരംഭിക്കും. ബൂത്തുകള്‍ ഇന്ന് തന്നെ സജ്ജമാകും. 7271 തദ്ദേശ വാര്‍ഡുകളിലായി 24,582 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അഞ്ച് ജില്ലകളിലായി 88.66 ലക്ഷം സമ്മദിദായകരാണുള്ളത്. ഇന്നലെ ആറുമണിയോടെ പരസ്യപ്രചാരണം സമാപിച്ചിരുന്നു ശേഷം ഇന്ന് നിശബ്ദ പ്രചാരണത്തിലേക്ക് കടന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ജനവിധി തേടാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ്.

തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നിലനിര്‍ത്താമെന്ന് എല്‍ഡിഎഫും മുന്നേറ്റമുണ്ടാക്കാമെന്ന പ്രതീക്ഷയില്‍ യുഡിഎഫും അതുപോലെതന്നെ പ്രതീക്ഷയിലുമാണ് ബിജെപിയും. അവസാന മണിക്കൂറിലെ അടിയൊഴുക്കുകളാണ് പലപ്പോഴും വിധി നിര്‍ണയത്തില്‍ നിര്‍ണായകമാകുകയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അവ തടയാനുള്ള കടുത്ത ജാഗ്രതയിലാണ് മുന്നണികള്‍.

കൊറോണ കാലഘത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പായത് കൊണ്ട് വ്യത്യസ്ത രീതിയിലുള്ള മുന്നൊരുക്കങ്ങളാണ് ഇത്തവണ നടത്തിയിരിക്കുന്നത്. ഇന്ന് പോളിംഗ് സാമഗ്രഹികള്‍ വിതരണം ചെയ്യുമ്പോള്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് സാനിറ്റൈസറും, മാസ്‌കും, ഫേസ് ഷീല്‍ഡും നല്‍കും. കൂടാതെ ആറു ലക്ഷം കൈയുറകളും 9.1 ലക്ഷം എന്‍ 95 മാസ്‌കും വിതരണം ചെയ്യും. ഫേസ് ഷീല്‍ഡുകള്‍ ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്ന 2.22 ലക്ഷം എണ്ണവും വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന ഫേസ് ഷീല്‍ഡുകളും ഇന്ന് നല്‍കും.

ആദ്യഘട്ട തിരഞ്ഞെടുപ്പിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി 16,968 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലുമായി 1,722 പ്രശ്നബാധിത ബൂത്തുകളാണ് ഉള്ളത്. ഇവിടങ്ങളില്‍ പ്രത്യേക സുരക്ഷാ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.