സീരിയല്‍ നടി കൊറോണ ബാധിച്ചു മരിച്ചു

പ്രമുഖ ഹിന്ദി ടെലിവിഷന്‍ താരം ദിവ്യാ ഭട്‌നാഗര്‍ കൊറോണ (Corona) ബാധിച്ച് മരിച്ചു. 34 വയസായിരുന്നു. ‘യെ രിശ്താ ക്യാ കെഹ്ലതാ ഹെ’ എന്ന സീരിയലില്‍ ‘ഗുലാബോ’ ആയി ഏറെ ശ്രദ്ധേയയായ നടിയാണ് ദിവ്യ.  നവംബര്‍ 26 നായിരുന്നു ദിവ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സീരിയലില്‍ അഭിനയിച്ചുകൊണ്ടിരുന്ന സമയത്താണ് ദിവ്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് നടത്തിയ ചികിത്സയില്‍ കൊറോണ സ്ഥിരീകരിക്കുകയും ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയായി ദിവ്യയുടെ നില ഗുരുതരമായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ദിവ്യയുടെ മരണത്തില്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അനുശോചനം രേഖപ്പെടുത്തി.

വെളുപ്പിനെ മൂന്നു മണിയോടെയായിരുന്നു ദിവ്യയുടെ മരണം സംഭവിച്ചതെന്ന് ഒരു സുഹൃത്ത് പറഞ്ഞു. രാത്രി 2 മണിയോടെ ആരോഗ്യനില വഷളാവുകയും ശ്വസിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നുവെങ്കിലും മൂന്നു മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.