സ്വര്‍ണ്ണക്കടത്ത് ; സ്പീക്കറുടെ വിദേശയാത്രകള്‍ ദുരൂഹം എന്ന് കെ.സുരേന്ദ്രന്‍

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും കടത്തുകാരെ സഹായിച്ചെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മഹത്തായ പദവികള്‍ അധോലോക സംഘങ്ങളെ സഹായിക്കാനായി ദുരുപയോഗം ചെയ്തു. സ്പീക്കര്‍ നിരവധി വിദേശ യാത്രകള്‍ നടത്തി. ഇത് ദുരൂഹത നിറഞ്ഞതാണ്. കള്ളക്കടത്തുകാരെ ചിലര്‍ അനുഗമിച്ചുവെന്നാണ് അന്വേഷണ സംഘം പറയുന്നതെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

സ്വര്‍ണ്ണക്കളളക്കടത്ത് കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണെന്ന് കോടതി തന്നെപറയുന്നു. ആദ്യമായാണ് ഒരു കോടതി ഇങ്ങനെ പറയുന്നത്. മുഖ്യമന്ത്രിയോടൊപ്പം സ്പീക്കറും മറ്റ് ചില മന്ത്രിമാരും സ്വര്‍ണ്ണക്കള്ളക്കടത്തുകാരെ സഹായിച്ചു. മന്ത്രിമാര്‍ ആരുടെ അനുമതി തേടിയാണ് വിദേശയാത്ര നടത്തിയത്. സ്പീക്കറും വിദേശയാത്രയ്ക്ക് അനുമതി തേടിയില്ല. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇക്കാര്യത്തില്‍ പുറത്തു വരുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവടക്കം അഴിമതിയെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടു. പാലാരിവട്ടം പാലം കേസ് ശരിയായി അന്വേഷിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളാകും. എല്‍.ഡി.എഫും യു.ഡി.എഫും പരസ്പരം അഴിമതി നടത്തുന്നത് മറച്ചുവയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പെട്രോള്‍ വില വര്‍ദ്ധനവ് ജനങ്ങളെ ബാധിക്കില്ലെന്നും ബി.ജി.പി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. പെട്രോള്‍ വില നിയന്ത്രണം എടുത്തുകളഞ്ഞത് യു.പി.എ സര്‍ക്കാരാണ്.

യു.പി.എ.സര്‍ക്കാര്‍ ചെയ്ത ഈ തെറ്റ് എന്തുകൊണ്ട് എന്‍.ഡി.എ. സര്‍ക്കാര്‍ തിരുത്തുന്നില്ലെന്ന ചോദ്യത്തിന് ഇത് അത്ര വേഗം തിരുത്താന്‍ കഴിയുന്നതല്ല എന്നായിരുന്നു മറുപടി. പ്രതിപക്ഷത്തിരുന്നപ്പോഴാണ് പെട്രോളിയം വില വര്‍ദ്ധനവിനെതിരെ വണ്ടി ഉന്തി സമരം ചെയ്തത്. ഇനി പ്രതിപക്ഷത്ത് വന്നാല്‍ പല സമരങ്ങളും ചെയ്യും. അതില്‍ വലിയ കാര്യമില്ല. ഇപ്പോള്‍ വണ്ടി ഉന്താന്‍ വേറെ ആളുകളുണ്ടല്ലോ. അവര്‍ ചെയ്യട്ടെ. പെട്രോള്‍ വില വര്‍ദ്ധനവ് ജനങ്ങളെ ബാധിക്കില്ല. അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് വില കൂടുകയും കുറയുകയും ചെയ്യും. കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ ലിറ്ററിന് 87 രൂപ വരെ വില വന്നിരുന്നു. ഇപ്പോള്‍ 83 അല്ലേയെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.