ആദ്യഘട്ട വോട്ടെടുപ്പില്‍ 75% പോളിംഗ്

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 75% പേരാണ് വോട്ട് ചെയ്തത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിങ് നടന്നത്. വൈകിട്ട് ആറ് മണി വരെയായിരുന്നു പോളിങ്. കോവിഡ് നിയന്ത്രണ ങ്ങള്‍ക്കിടെയും ഏറെ ഉത്സഹതോടെയാണ് എല്ലാ ജില്ലകളിലും ആളുകള്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ എത്തിയത് എന്നത് ഏറെ ശ്രദ്ധേയമായി. ഒന്നാം ഘട്ടത്തില്‍ 75% പോളിംഗ് ആണ് രേഖപ്പെടുത്തിയത്. വൈകുന്നേരം ആറ് മണി വരെയുള്ള കണക്കാണ് ഇത്. തിരുവനന്തപുര0 69.07, കൊല്ലം- 72.79, പത്തനംതിട്ട – 69. 33, ആലപ്പുഴ- 76.42, ഇടുക്കി – 73.99 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം. ഏറ്റവും കൂടുതല്‍ ആളുകള്‍ വോട്ട് രേഖപ്പെടുത്തിയത് ആലപ്പുഴയിലാണ്. ഏറ്റവും കുറവ് തിരുവനന്തപുരത്തും.

കോവിഡ് നിയന്ത്രണങ്ങള്‍ വോട്ടെടുപ്പിനെ തെല്ലും ബാധിച്ചില്ല എന്നാണ് പോളിംഗ് ശതമാനം സൂചിപ്പിക്കുന്നത്. രാവിലെ മുതല്‍ പല ബൂത്തുകളിലും വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിര കാണാമായിരുന്നു. ഉച്ചയ്ക്ക് പോളി0ഗ് അല്‍പം മന്ദഗതിയിലായെങ്കിലും അവസാന മണിക്കൂറോടെ വീണ്ടും വര്‍ധിച്ചു. ഉച്ചവരെ 50% വോട്ടാണ് രേഖപ്പെടുത്തിയത്. വൈകുന്നേരം അഞ്ച് മണി മുതല്‍ കോവിഡ് പോസിറ്റീവ് ആയവരും ക്വാറന്റീനില്‍ കഴിയുന്നവരും വോട്ട് ചെയ്യാനെത്തിയിരുന്നു.

പിപിഇ കിറ്റ് ധരിച്ചാണ് ഇവര്‍ പോളി0ഗ് ബൂത്തിലേക്കെത്തിയത്. മറ്റ് വോട്ടര്‍മാര്‍ വോട്ടി0ഗിനെത്തുന്നില്ലെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് ഇവര്‍ക്ക് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കിയത്. അഞ്ച് ജില്ലകളിലായി 24,584 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 88,26,620 വോട്ടര്‍മാര്‍ ആദ്യ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തും. 318 ഗ്രാമപഞ്ചായത്തുകളിലും 50 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പറേഷനുകളിലും 20 മുനിസിപ്പാലിറ്റികളിലും അഞ്ച് ജില്ലാ പഞ്ചായത്തുകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.

ഇടതുമുന്നണി തെരഞ്ഞെടുപ്പില്‍ വലിയ വിജയം തേടുമെന്ന് മന്ത്രിമാരായ ജെ മേഴ്‌സികുട്ടിയമ്മയും കടകംപള്ളി സുരേന്ദ്രനും എം എം മണിയും പ്രതികരിച്ചു. പരാജയം ഉറപ്പായതുകൊണ്ടാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ഒളിച്ചോടിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ ഭരണ മാറ്റത്തിന്റെ തുടക്കമാകും ഈ തെരഞ്ഞെടുപ്പ്. യുഡിഎഫ് വന്‍വിജയം നേടും. അഴിമതി സര്‍ക്കാരിനെതിരെ ജനം വിധിയെഴുതും. കേരളത്തില്‍ ബിജെപിക്ക് ഒരിഞ്ച് സ്ഥലം പോലും ജനങ്ങള്‍ കൊടുക്കില്ലെന്നും ചെന്നിത്തല അവകാശപ്പെട്ടു. ബിജെപി മികച്ച വിജയം നേടുമെന്ന് കുമ്മനം രാജശേഖരനും തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം പിടിക്കുമെന്ന് സുരേഷ് ഗോപിയും ആത്മവിശ്വാസം പ്രകടിപ്പിച്ചു.