സിഎം രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്യേണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് ; നാളെയും ഹാജരാകില്ല
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ നാളെയും ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല. കോവിഡാനന്തര അസുഖങ്ങള്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ രവീന്ദ്രന് വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.ഇന്ന് ഉച്ചയ്ക്ക് ശേഷം ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് ആണ് സിഎം രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്യേണ്ടതില്ല എന്ന് തീരുമാനിച്ചത്.
കോവിഡാനന്തര രോഗവാസ്ഥയെ തുടര്‍ന്ന് ന്യൂറോ സംബന്ധമായ ബുദ്ധിമുട്ട് രവീന്ദ്രന് ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇതില്‍ കൂടുതല്‍ പരിശോധന വേണം. എംആര്‍ഐ സ്‌കാന്‍ അടക്കം എടുക്കേണ്ടതുണ്ട്. അതേസമയം സി എം രവീന്ദ്രന് പ്രതിരോധം തീര്‍ത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തു വന്നു. മൂന്നല്ല, 30 പ്രാവശ്യം നോട്ടീസ് നല്‍കിയാലും അസുഖം വന്നാല്‍ ചികിത്സിക്കേണ്ടി വരുമെന്ന് കടകംപള്ളി പറഞ്ഞു.
അതേസമയം രവീന്ദ്രന്റെ ആശുപത്രി വാസത്തില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് നാടകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആരോപിച്ചു. സി എം രവീന്ദ്രന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്നായിരുന്നു സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ പ്രതികരണം. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കട്ടേയെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കടുത്ത തലവേദന, തളര്‍ച്ച, ശ്വാസകോശ ബുദ്ധിമുട്ട് തുടങ്ങി ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് പറഞ്ഞാണ് ഇന്നലെ രവീന്ദ്രന്‍ ചികില്‍സ തേടി എത്തിയത്. ഇതോടെ നാളെ ഇഡിയുടെ ചോദ്യം ചെയ്യലില്‍ രവീന്ദ്രന്‍ ഹാജരാകില്ല എന്ന് ഉറപ്പായി.
മൂന്നാം തവണയാണ് സി.എം രവീന്ദ്രന്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാകുന്നത്. ഇഡി ആദ്യമായി ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ രവീന്ദ്രന്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായി. രോഗമുക്തനായ ശേഷം രണ്ടാമതും ഇഡി നോട്ടീസ് നല്‍കി. തുടര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് വാങ്ങി. എന്നാല്‍ കോവിഡാനന്തര പ്രശ്‌നങ്ങളുണ്ടെന്ന് കാണിച്ച് രവീന്ദ്രന്‍ വീണ്ടും ചികില്‍സ തേടുകയായിരുന്നു. ചോദ്യം ചെയ്യാനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടതിനാല്‍ ഇഡിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്നത് നിര്‍ണായകമാണ്.