മണ്‍റോതുരുത്തിലേത് രാഷ്ട്രീയ കൊലപാതകമല്ല ; മുഖ്യമന്ത്രിയെ തള്ളി പോലീസ്

മണ്‍റോതുരുത്ത് കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമെന്ന് പൊലീസ്.കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് എന്നായിരുന്നു സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട്. ഇതിനെ പൂര്‍ണമായും തള്ളുന്നതാണ് പോലീസിന്റെ റിമാന്റ് റിപ്പോര്‍ട്ട്. പ്രതി അശോകന്റെ വഴിവിട്ട ബന്ധത്തെച്ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മണിലാലിന്റെ ഹോം സ്റ്റേയിലേക്കുള്ള അതിഥികളെ അശോകന്‍ മുടക്കിയിരുന്നുവെന്നും പൊലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സഞ്ചാരികളെ റിസോര്‍ട്ടിലേക്കു കൊണ്ടുവരുന്നതിനെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. സംഭവ ദിവസം, മുന്‍വൈരാഗ്യത്തെ തുടര്‍ന്നു മണിലാലിനെ അസഭ്യം പറഞ്ഞ ശേഷം കുത്തി കൊല്ലുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന ഭരണ നേതൃത്വത്തിന്റെ ആരോപണമാണു പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടോടെ പൊളിഞ്ഞത്.

എന്നാല്‍ സിപിഎം പ്രവര്‍ത്തകന്റെ കൊലക്ക് പിന്നില്‍ ആര്‍എസ്എസാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കെയാണ് സി.പി.ഐ.എം. പ്രവര്‍ത്തകന്‍ മണിലാലിനെ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ 110 ദിവസത്തിനുള്ളില്‍ അഞ്ച് സി.പി.ഐ.എം. പ്രവര്‍ത്തകരെയാണ് ഇത്തരത്തില്‍ കൊലപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആര്‍എസ്എസും യുഡിഎഫും തമ്മില്‍ തെരഞ്ഞെടുപ്പില്‍ സഖ്യം തീരുമാനിച്ചിട്ടുണ്ട്. ഈ സഖ്യത്തിന്റെ തീരുമാന പ്രകാരമാണോ കൊലപാതകമെന്ന് ഇരു കൂട്ടരും വ്യക്തമാക്കണം. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനെയെല്ലാം തള്ളികൊണ്ടാണ് പോലീസ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.