ഭക്ഷണത്തില്‍ തൊട്ടതിന് ദലിതനെ അടിച്ച് കൊന്നു

മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. ഭക്ഷണത്തില്‍ തൊട്ടു എന്നാരോപിച്ച് ദലിതനെ മേല്‍ ജാതിയില്‍ പെട്ടവര്‍ അടിച്ചുകൊല്ലുകയായിരുന്നു . ദേവരാജ് അനുരാഗി എന്ന ദലിതനാണ് കൊല്ലപ്പെട്ടത്. സവര്‍ണ ജാതിയില്‍പ്പെട്ട ഭൂര സോണി, സന്തോഷ് പാല്‍ എന്നിവര്‍ ചേര്‍ന്നാണു ദേവരാജിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്.

വീട്ടില്‍ എത്തിയപ്പോള്‍ ഭൂര സോണി, സന്തോഷ് പാല്‍ എന്നിവര്‍ തന്നെ മര്‍ദിച്ചുവെന്ന് കുടുംബക്കാരോട് അനുരാഗി പറഞ്ഞിരുന്നു. അന്നേരം അനുരാഗിയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നുവെന്നും കുടുംബക്കാര്‍ പൊലീസിനോട് പറഞ്ഞു. കുറച്ച് സമയത്തിന് ശേഷം നെഞ്ച്‌വേദന അനുഭവപ്പെടുകയും മരിക്കുകയും ചെയ്തുവെന്നാണ് കുടുംബം പൊലീസിന് മൊഴി നല്‍കിയത്. പൊലീസ് പ്രതികള്‍ക്കായുള്ള തിരച്ചിലിലാണ്. കൊലപാതകകുറ്റവും പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ നിരോധന നിയമവും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.