യുവതിയെ കയറിപ്പിടിച്ച പൊലീസുകാരനെ നാട്ടുകാര്‍ വളഞ്ഞിട്ട് തല്ലി
ബസ് കാത്ത് ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന യുവതിയെ മദ്യലഹരിയില്‍ കയറിപ്പിടിച്ച പൊലീസുകാരനെ നാട്ടുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. വടപളനിയില്‍ വച്ചായിരുന്നു സംഭവം.
ചെന്നൈ കെ കെ നഗര്‍ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ അറുമ്പാക്കത്തെ രാജീവിനാണ് മര്‍ദ്ദനമേറ്റത്. ഇയാള്‍ താല്‍ക്കാലികമായി എം ജി ആര്‍ നഗര്‍ സ്റ്റേഷനില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. ഞായറാഴ്ച രാത്രി പത്തു മണിയോടെ ആയിരുന്നു സംഭവം.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ജവഹര്‍ലാല്‍ നെഹ്‌റു സാലൈയ്ക്ക് സമീപമുള്ള അംബിക എംപയര്‍ ഹോട്ടലിന് സമീപമുള്ള ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുന്ന യുവതിയെ കണ്ടു. യുവതി ഫോണില്‍ നോക്കി നില്‍ക്കുകയായിരുന്നു. ബൈക്ക് നിര്‍ത്തി യുവതിക്ക് സമീപം എത്തിയ പൊലീസുകാരന്‍ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ യുവതിയോട് ബൈക്കില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍, യുവതി ഇതിന് തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് പൊലീസുകാരന്‍ യുവതിയുടെ കൈയില്‍ പിടിച്ച് വലിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി പൊലീസുകാരനെ പൊതിരെ തല്ലുകയായിരുന്നു. പിന്നീട് സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പരാതി ലഭിച്ചതായും പൊലീസ് കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളെ അറിയിച്ചു.
പരിക്കേറ്റതിനാല്‍ ചികിത്സ ആവശ്യമുള്ളതിനാല്‍ ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുമെന്നും വകുപ്പുതല നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. ഇയാളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കുകയും ചെയ്തു. ഇത് ഇപ്പോള്‍ വൈറല്‍ ആയി മാറിയിരിക്കുകയാണ്.