ജോലിക്കാരി ഫ്‌ളാറ്റില്‍നിന്നു ചാടിയ സംഭവം ; ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു
ഫ്‌ലാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീട്ടുജോലിക്കാരി താഴേയ്ക്കു ചാടിയ സംഭവത്തില്‍ ഫ്‌ലാറ്റ് ഉടമ ഇംതിയാസ് അഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. ഇവരെ ജോലിക്കാരിയെ വീട്ടുതടങ്കലില്‍ വച്ചതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ പാര്‍ക്കിങ്ങിനു മുകളിലേക്കു വീണു പരുക്കേറ്റ സേലം സ്വദേശിനി കുമാരി(55)യുടെ നില ഗുരുതരമായി തുടരുകയാണ്. ജോലിക്കാരിയുടെ ഭര്‍ത്താവ് മൊഴി നല്‍കിയതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്‌ലാറ്റിന്റെ ആറാം നിലയിലെ താമസക്കാരനാണ് ഇംതിയാസ് അഹമ്മദ്. രാത്രി അടുക്കളയില്‍ ഉറങ്ങാന്‍ കിടന്ന കുമാരിയെ രാവിലെ താഴെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇക്കാര്യം ഫ്‌ലാറ്റ് ഉടമ തന്നെയാണ് പൊലീസിനെ അറിയിച്ചത്. ജോലിക്കാരി രക്ഷപെടുന്നതിനായി സാരികള്‍ കൂട്ടിക്കെട്ടി താഴെയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ജോലിക്കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുന്നതിനാല്‍ ഇവരുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസിന് സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ കേസെടുത്തില്ലെന്നായിരുന്നു പൊലീസ് നിലപാട്. അതുകൂടാതെ ഇവര്‍ക്കെതിരെ ആത്മഹത്യാ ശ്രമത്തിന് കേസെടുക്കുമെന്നു പൊലീസ് പറഞ്ഞെങ്കിലും പിന്നീട് അതുണ്ടായില്ല. സ്വാധീനം മൂലമാണ് ഫ്‌ളാറ്റ് ഉടമയ്‌ക്കെതിരെ കേസെടുക്കാത്തതെന്ന ആരോപണം ശക്തമായതിനു പിന്നാലെയാണ് പൊലീസ് നടപടി.