അഭയ കൊലക്കേസ് ; വിധി ഈ മാസം 22 ന്

വിവാദമായ സിസ്റ്റര്‍ അഭയയെ കൊലപാതക കേസില്‍ വിധി ഈ മാസം 22ന് പുറപ്പെടുവിക്കും. സി.ബി.ഐ പ്രത്യേക കോടതിയില്‍ വിചാരണ പൂര്‍ത്തിയായി. ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. കൊലപാതകം നടന്ന് 28 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറയുന്നത്. കഴിഞ്ഞ ദിവസമാണ് കേസിലെ പ്രതികളുടെ വാദം പൂര്‍ത്തിയായത്. കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിന്റെ വാദം പൂര്‍ത്തിയായതോടെയാണ് മുഴുവന്‍ പ്രതികളുടെയും വാദം പൂര്‍ത്തിയായത്. സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും പ്രതി മറ്റാരോ ആണെന്നും കോട്ടൂര്‍ കോടതിയില്‍ പറഞ്ഞു.

കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിയാക്കിയതെന്നും കോട്ടൂര്‍ കോടതി മുന്‍പാകെ വ്യക്തമാക്കിയിരുന്നു. പ്രതിയുടെ വാദത്തിന് പ്രോസിക്യൂഷന്‍ ഇന്ന് മറുപടി പറഞ്ഞു. അതിന് ശേഷമാണ് വിധി പ്രസ്താവിക്കുന്നതിനായി കേസ് മാറ്റിയത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഒരു വെള്ളിയാഴ്ച്ചയാണ് സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 1992 മാര്‍ച്ച് 27ന്. കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റ് കിണറില്‍ പത്തൊമ്പതുകാരിയായ സിസ്റ്റര്‍ അഭയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടറിഞ്ഞത്.

2008 ലാണ് കേസിലെ മുഖ്യപ്രതികളായ ഫാദര്‍ തോമസ് എം. കോട്ടൂര്‍, ഫാദര്‍ ജോസ് പുത്രക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ അറസ്റ്റിലാകുന്നത്. ഇതിനിടെ സിസ്റ്റര്‍ അഭയയുടെ കൊലപാതകക്കേസ് അന്വേഷിച്ച മുന്‍ എ.എസ്.ഐ വി.വി. അഗസ്റ്റിന്‍ 2008 നവംബര്‍ 25ന് ആത്മഹത്യ ചെയ്തു.സിബിഐ ചോദ്യം ചെയ്ത അഗസ്റ്റിനെ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചനിലയില്‍ കോട്ടയം ചിങ്ങവനം ചാലച്ചിറയിലെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു.