തോപ്പില്‍ ഭാസിയുടെ നാടകങ്ങള്‍ ശബ്ദം പൊഴിക്കുന്ന കൈവളകള്‍…
കാരൂര്‍ സോമന്‍
മലയാള സാഹിത്യ-ചലച്ചിത്രത്തിലെ വര്‍ണ്ണോജ്വല പ്രതിഭ തോപ്പില്‍ ഭാസിക്ക് ആദരപൂര്‍വ്വം പ്രണാമം അര്‍പ്പിക്കുമ്പോള്‍ മനസ്സിലേക്ക് കടന്നു വരുന്നത് തുലാമാസ പൗര്‍ണമിയും കര്‍ക്കിടക പൗര്‍ണമിയുമാണ്. അദ്ദേത്തിന്റ ജീവിത രാവുകള്‍ മലയാളിക്കെന്നും നിലാവ് പരന്നൊഴുകുന്ന രാവുകളായിരുന്നു. 1992 ല്‍ എന്റെ ഗള്‍ഫില്‍ നിന്നുള്ള ആദ്യ മലയാള സംഗീത നാടകം ‘കടലിനക്കരെ എംബസ്സി സ്‌കൂള്‍’ന് എഴുതിയ അവതാരിക താഴെ കൊടുക്കുന്നുണ്ട്. ആ അവതാരികയില്‍ എഴുതിയ ഒരു വാചകം 2020 ലും അതിനേക്കാള്‍ വികൃതമായി നിലകൊള്ളുന്നു. ‘ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ നാള്‍ മുതല്‍ ഇന്ത്യക്കാരനാനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതം അഴിമതിയാണ്. അതിനെതിരെ പ്രതികരിക്കുന്ന ഈ നാടകത്തിന് എല്ലാവിധ ആശംസകളും നേരുന്നു’. മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേല്‍ എന്നറിയുമ്പോള്‍ നമ്മുടെ ചലച്ചിത്ര പ്രദര്‍ശനത്തിന്റ പിതാവ് കാട്ടൂക്കാരന്‍ വാറുണ്ണി ജോസഫ് എന്നത് പലര്‍ക്കുമറിയാത്തതുപോലെ തോപ്പില്‍ ഭാസി നാടകങ്ങള്‍ അധികാരികള്‍ക്ക് കല്ലിച്ചുപോയതുപോലുണ്ട്. നാടകങ്ങളിലൂടെ സാമുഹ്യ വിപ്ലവം സൃഷ്ഠിച്ച ഈ നാടകകുലപതിയുടെ കല്ലില്‍തീര്‍ത്ത ഒരു പ്രതിമപോലും ജന്മനാട്ടില്‍ കാണാനില്ല.
എന്റെ പഞ്ചായത്തായ താമരക്കുളത്തിന്റ അതിര്‍വരമ്പാണ് വള്ളികുന്നം പഞ്ചായത്, 1924 ഏപ്രില്‍ 8 ന് പരമേശ്വരന്‍ പിള്ള, അമ്മ നാണിക്കുട്ടിയുടെ മകനായി തോപ്പില്‍ ഭാസി ജനിച്ചു. ആദ്യ വിദ്യാഭ്യാസം അവിടുത്തെ എസ്.എന്‍.ഡി.പി. സ്‌കൂള്‍, ചങ്ങന്‍കുളങ്ങര സംസ്‌കൃത സ്‌കൂള്‍, തിരുവനതപുരം ആയുര്‍വേദ കോളേജിലായിരിന്നു. അവിടെവെച്ചാണ് വിദ്യാര്‍ത്ഥി കോണ്‍ഗ്രസില്‍ ചേര്‍ന്ന് അനീതിക്കെതിരെ വിദ്യാര്‍ത്ഥി സമരങ്ങളില്‍ ഏര്‍പ്പെട്ടത്. അവിടെവെച്ചു് പോലീസിന്റ ലാത്തിയടി കിട്ടിയത് എന്നോട് പറഞ്ഞിട്ടുണ്ട്. ചെറുപ്പം മുതല്‍ പാവങ്ങള്‍ക്കെതിരെ നടന്നു വന്ന എല്ലാം ഹാനികരമായ സമീപനങ്ങളെ ജാതിമതങ്ങള്‍ നോക്കാതെ എതിര്‍ത്തു. സ്വാതന്ത്യ സമരങ്ങളില്‍ ഏര്‍പ്പെടുക മാത്രമല്ല അനീതിക്കതിരെ പോരാടിയാണ് സാഹിത്യലോകത്തേക്ക് കടന്നുവരുന്നത്. പുന്നപ്ര-വയലാര്‍ സമരം പൊട്ടിപുറപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ്സില്‍ നിന്നകന്ന് കമ്മ്യൂണിസ്റ്റായി.
നമ്മള്‍ ഇന്ന് കണ്ടുകൊണ്ടരിക്കുന്നത് സ്വന്തം ഐശ്യര്യത്തിനായി മാത്രം ദേവാലയങ്ങളില്‍ പോയി വഴിപാടുകള്‍ നേരുന്നവരെപോലെ സമൂഹത്തില്‍ എന്ത് അനീതി നടന്നാലും അതിനെതിരെ ഒരു വാക്കുച്ചരിക്കാതെ പ്രത്വപകാരമായി ഉപഹാരങ്ങള്‍, പദവികള്‍ മാത്രമല്ല അഭിവൃദ്ധിയും ആദരവും ഏറ്റുവാങ്ങുന്ന എത്രയോ എഴുത്തുകാരെ കാണുന്നു. സാഹിത്യ രംഗത്തുള്ളവരുടെ സ്തുതിഗീതങ്ങള്‍ക്ക് വഴിപ്പെടാതെ പാവങ്ങളുടെയിടയില്‍ തോപ്പില്‍ ഭാസിയുടെ നാടകകങ്ങള്‍ ശബ്ദംപൊഴിച്ചുകൊണ്ടിരിന്ന കൈവളകളായിരിന്നു.
എന്റെ അടുത്ത പഞ്ചായത്തായ ശൂരനാട്ടില്‍ കര്‍ഷകത്തൊഴിലാളികളെ അണിനിരത്തി നടത്തിയ സമരത്തില്‍വെച്ചാണ് പോലീസ് വെടിവെപ്പില്‍ തൊഴിലാളികളും പോലീസ്‌കാരും കൊല്ലപ്പെടുന്നത്. തോപ്പില്‍ ഭാസി പ്രതിയായി ഒളുവില്‍പോയി. 1952 ല്‍ പോലീസിന്റ വലയിലായി. പോലീസ് സ്റ്റേഷനില്‍ കൊടിയ മര്‍ദ്ദനം അനുഭവിച്ചു. മനുഷ്യസ്നേഹിയായ ഭാസിക്ക് ആരെയും കൊല്ലാന്‍ സാധിക്കില്ലെന്ന് കോടതിവിധിയെഴുതി വെറുതെവിട്ടു. 1957 ലെ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നിന്ന് ജയിച്ചു് എം.എല്‍.എ. ആയി. ഏഷ്യയില്‍ ആദ്യമായി 1957 ഏപ്രില്‍ 3 ന് ഇ.എം.എസിന്റ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുണ്ടായി.അധികകാലം ഭരിക്കാന്‍ സാധിച്ചില്ല. രാഷ്ട്രപതി ഭരണകൂടത്തെ പിരിച്ചുവിട്ടു. 1967 ല്‍ വീണ്ടും ഇ.എം.എസ് മുഖ്യമന്ത്രിയായി. കേരളത്തിന്റ ചരിത്രത്താളുകളില്‍ രേഖപ്പെടുത്തിയ സംഭവമാണ് ജന്മി-കുടിയാന്‍ വ്യവസ്ഥകളുടെ വേരറുത്തുമാറ്റി കൃഷിഭൂമി കൃഷിക്കാരനുള്ള (ഭൂപരിഷ്‌കരണം) നിയമമാക്കിയത്. ഇതില്‍ ഭാസിയുടെ പങ്കും വലുതാണ്. ഈ രണ്ട് പ്രതിഭകളും അധികാരസേവകസാഹിത്യ സംഘത്തിലെ അല്ലെങ്കില്‍ കമ്പോള സാഹിത്യത്തിലെ അംഗങ്ങളായിരുന്നില്ല. സാഹിത്യസൃഷ്ഠികള്‍പോലെ അവര്‍ മനുഷ്യ ജീവിതത്തെ സൃഷ്ഠിച്ചെടുത്തു. ഇവരെപോലുള്ള സര്‍ഗ്ഗ പ്രതിഭകളാണ് അധികാരത്തില്‍ വരേണ്ടത് അല്ലാതെ തന്‍കാര്യം വന്‍കാര്യം നോക്കുന്നവരാകരുത്. അതുകൊണ്ടാണ് ഇന്ത്യന്‍ ജനാധിപത്യം ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്നത്.
മലയാള നാടകത്തിന്റ ആരംഭം നാട്യശാസ്ത്രത്തില്‍ നിന്നുള്ള ചവിട്ടുനാടകങ്ങളിലൂടെയാണ്. കേരളവര്‍മ്മ വലികൊയിത്തമ്പുരാന്‍ എഴുതിയ ‘ഭാഷാശാകുന്തളമാണ്’ മലയാളത്തില്‍ ആദ്യമായി അവതരിപ്പിച്ച നാടകം. പിന്നീട് വന്ന സാമൂഹ്യ നാടകം 1905 ല്‍ കൊച്ചീപ്പന്‍ താരകന്റെ ‘മറിയാമ്മ’, കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയുടെ ബൈബിള്‍ കേന്ദ്രമാക്കിയുള്ള ചരിത്ര നാടകം ‘എബ്രായകുട്ടി’, കേരളത്തിലെ ആദ്യ രാഷ്ട്രീയ നാടകം കെ.ദാമോദരന്റെ ‘പാട്ടബാക്കി’. ഇങ്ങനെ പലരുടെയും നാടകം തഴച്ചു വളര്‍ന്നു. തോപ്പില്‍ ഭാസി 1952 ല്‍ ഒളുവിലിരുന്ന് എഴുതിയ നാടകം ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ കെ.പി.എ.സി വഴി അരങ്ങില്‍ വന്നതോടെ മലയാള നാടകത്തിന് പുതിയ വിപ്ലവധ്വനികളുയര്‍ന്നു. കെ.പി.എ.സി.യുടെ സ്ഥാപക പ്രവര്‍ത്തകരില്‍ ഒരാള്‍ കുടിയാണ് തോപ്പില്‍ ഭാസി. ആദ്യകാലങ്ങളില്‍ സോമന്‍ എന്ന പേരിലാണ് എഴുതിയത്. തുടര്‍ന്നുവന്ന ‘അശ്വമേധം, സര്‍വ്വേക്കല്ല്, ശരശയ്യ, പുതിയ ആകാശം പുതിയഭൂമി, തുലാഭാരം, മൂലധനം, കയ്യും തലയും പുറത്തിടരുത്, രജനി, പാഞ്ചാലി, ഇന്നലെ ഇന്ന് നാളെ’. 1945 ല്‍ മുതല്‍ പല നാടകങ്ങള്‍ അരങ്ങത്തു വന്നിരുന്നു. കാളിദാസന്റ് ‘അഭിജ്ഞാനശാകുന്തളം’ ശകുന്തള എന്ന പേരില്‍ ഗദ്യനാടകമാക്കി അരങ്ങില്‍ അവതരിപ്പിച്ചു. 1968 ലാണ് അശ്വമേധത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചത്. അങ്ങനെ പല പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ‘ഒളുവിലെ ഓര്‍മ്മകള്‍’ ആത്മകഥയാണ്. നൂറിലധികം ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥകള്‍ എഴുതുക മാത്രമല്ല കഥകളും പതിനാറിലധികം സിനിമകളും സംവിധാനം ചെയ്തു. നാടകങ്ങളെല്ലാം സാമഹ്യവിഷ്‌കാരങ്ങളിലൂടെ ജാനകിയമാക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റ സഹധര്‍മ്മിണി അമ്മിണിയമ്മ വിട്ടുമുറ്റത്തെ നിന്ന് മാവില്‍ നിന്ന് മാമ്പഴം പറിച്ചെടുത്തു ചെത്തിമിനുക്കി കഴിക്കാന്‍ തന്നതിന്റ മധുരം ഇന്നും നാവിലുണ്ട്. മക്കളായ ചലച്ചിത്ര സംവിധാന-ഛായാഗ്രാഹകന്‍ അജയന്‍, അഡ്വ.സോമന്‍, രാജന്‍, സുരേഷ്, മാലയെയും ഈ അവസരം സ്മരിക്കുന്നു. തോപ്പില്‍ ഭാസി അന്തരിച്ചത് 1992 ഡിസംബര്‍ 8 നാണ്.
സോഷ്യലിസ്റ്റ് വിപ്ലവ ആശയങ്ങളിലൂടെ നാടകശാഖക്ക് പുനര്‍ജ്ജന്മം നല്‍കിയ, മനുഷ്യവകാശങ്ങളുടെ സംരക്ഷകനായിരുന്ന, ഈ ലോകസുഖത്തിന്റ ലഹരിയില്‍ ആനന്ദം കണ്ടെത്താതെ നവോത്ഥാനത്തിന്റ ശബ്ദമുയര്‍ത്തി മനുഷ്യല്‍മാവിനെ കുളിര്‍പ്പിച്ച ക്രാന്തദര്‍ശിയായ തോപ്പില്‍ ഭാസി മലയാള ഭാഷയുടെ നിറനിലാവില്‍ എന്നും പ്രകാശിച്ചു നില്‍ക്കും. എനിക്ക് കേന്ദ്രസാഹിത്യ അക്കാദമി സംഘടിപ്പിച്ച ഒരു സാഹിത്യ മത്സരത്തില്‍ സമ്മാനം ലഭിച്ചപ്പോള്‍ താമരകുളത്തു ഉദ്ഘാടകനായി വന്നത് തോപ്പില്‍ ഭാസി സാറാണ്. അന്നത്തെ അദ്ദേഹത്തിന്റ പ്രസംഗം വിഡിയോയായി എന്റെ വെബ്സൈറ്റില്‍ ഇപ്പോഴുമുണ്ട്. അതില്‍ പറയുന്ന ഒരു വാചകം ‘കാരൂര്‍ സോമന്‍ എന്റെ അയല്‍ക്കാരനെന്ന് എനിക്കറിയില്ലായിരുന്നു’. അവതാരികയുടെ പ്രസക്ത ഭാഗം. ഇത് പ്രസിദ്ധികരിച്ചത് അസെന്‍സ് ബുക്ക്‌സ്ണ്.
‘മലയാള മനോരമയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേരള യുവസാഹിത്യ സഖ്യ അംഗ0 കാരൂര്‍ സോമനെ ഞാനറിഞ്ഞത് റേഡിയോ നാടകങ്ങളിലൂടെയാണ്. ഡോ.കെ.എം. ജോര്‍ജ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്ന കാലത്തു് ഇന്ത്യയിലെ അഞ്ചു് ഭാഷകളില്‍ കഥ -കവിത മത്സരം നടന്നു. മലയാളത്തില്‍ കവിതക്ക് സമ്മാനം നേടിയത് കാരൂര്‍ സോമനായിരിന്നു. അതിന്റെ അനുമോദന സമ്മേളനം ജന്മനാടായ താമരകുളത്തു വച്ച് നടന്നു. അതില്‍ ഉത്ഘടകനായി ചെല്ലുവാനും കാരൂരിനെ നേരില്‍ കണ്ട് അഭിന്ദിക്കാനും സാധിച്ചു.
ചെറുപ്പം മുതല്‍ നാടകങ്ങളും, കവിതകളുമെഴുതി നോവല്‍ രംഗത്തേക്ക് കടന്നുവന്നിരിക്കുന്ന കാരൂരിന്റ ‘കടലിനക്കരെ എംബസ്സി സ്‌കൂള്‍’ സംഗീത നാടകം ഗള്‍ഫിലെ സ്‌കൂളുകളില്‍ നടക്കുന്ന അഴിമതികളുടെ ചുരുളഴിക്കുന്നു. എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് ഈ നാടകം വ്യത്യസ്തമായ നവഭാവ സവിശേഷതകള്‍ കൊണ്ട് സംഘര്‍ഷഭരിതമാണ്. ഒപ്പം സ്നേഹവും പ്രണയവും നാടകത്തിന് ഉണര്‍വ് പകരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ നാള്‍ മുതല്‍ ഇന്ത്യക്കാരനാനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതം അഴിമതിയാണ്. അതിനെതിരെ പ്രതികരിക്കുന്ന ഈ നാടകത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഗള്‍ഫില്‍ നിന്നുള്ള ആദ്യ സംഗീത നാടകമെന്ന നിലക്കും ഈ നാടകം മലയാളത്തിന് ഒരു മുതല്‍ക്കൂട്ടായിരിക്കും’.
സ്നേഹപുര്‍വ്വം ..തോപ്പില്‍ ഭാസി.