സ്വപ്ന- സരിത്ത് മൊഴികളില്‍ 4 മന്ത്രിമാര്‍ക്ക് കുരുക്ക്

വിവാദമായ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴികളില്‍ 4 സംസ്ഥാന മന്ത്രിമാര്‍ കുടുങ്ങുമെന്നു സൂചന. പ്രതികള്‍ കസ്റ്റംസിന് നല്കിയ മൊഴികളില്‍ ഇവരുമായുള്ള അടുപ്പവും ഇടപാടുകളും വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ മന്ത്രിമാരില്‍ ചിലരുമായി സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നതായും മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്. സ്വപനയുടേയും സരിത്തിന്റെയും മൊഴികളില്‍ ഉന്നതരുടെ ഇടപാടുകളെ കുറിച്ച് വന്ന പാരാമര്‍ശത്തെ തുടര്‍ന്ന് ഡല്‍ഹിയിലും നാട്ടിലുമായി അന്വേഷണ ഏജന്‍സികള്‍ തിരക്കിട്ട ചര്‍ച്ചയിലാണ്.

 

കസ്റ്റംസ് പ്രിവന്റീവ് കമ്മീഷ്ണര്‍ സുമിത്കുമാര്‍ ഡല്‍ഹിയിലെത്തുകയും കസ്റ്റംസ് ബോര്‍ഡുമായി ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്ന് അദ്ദേഹം മടങ്ങിയെത്തും. കൂടാതെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ED) സ്‌പെഷ്യല്‍ ഡയറക്ടര്‍ പ്രശാന്ത് കുമാര്‍ ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലെത്തുകയും അന്വേഷണ സംഘവുമായി 2 ദിവസം കൂടിയാലോചന നടത്തി മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. സിഡാക്കിന്റെ സഹായത്തോടെ അന്വേഷണ സംഘം സ്വപ്നയുടെ ഫോണില്‍ നിന്നും വാട്‌സാപ്പ് സന്ദേശങ്ങള്‍ വീണ്ടെടുത്തിരുന്നു. ഇതില്‍ നിന്നും ലഭിച്ചത് സുപ്രധാന വിവരങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ നിന്നുമാണ് മന്ത്രിമാരുമായുള്ള ബന്ധത്തെക്കുറിച്ച് സൂചന ലഭിച്ചിരിക്കുന്നത്. ഈ വിവരങ്ങളാണ് രഹസ്യരേഖയായി കസ്റ്റംസ്‌കോ ടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കസ്റ്റംസ് സമര്‍പ്പിച്ച രഹസ്യ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി പരമാര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

അതിനിടെ സ്വപ്ന സുരേഷിനെയും സരിത്തിനെയും ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മൂന്നുദിവസം ചോദ്യം ചെയ്യാനാണ് അനുമതി തേടിയത്. ചോദ്യം ചെയ്യുമ്പോള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ സമീപത്തുണ്ടാകരുതെന്നും ഇഡി ആവശ്യപ്പെട്ടു. കസ്റ്റംസിന് കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും.

ജയിലില്‍ വധഭീഷണിയുണ്ടെന്ന് കോടതിയെയും കസ്റ്റംസിനെയും സ്വപ്ന അറിയിച്ചിരുന്നു. അതേസമയം, സ്വപ്ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി ജയില്‍ വകുപ്പ് തള്ളി. ആരോപണത്തില്‍ കഴമ്പില്ലെന്നാണ് ജയില്‍ ഡിഐജി അജയ കുമാറിന്റെ റിപ്പോര്‍ട്ട്. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ സ്വപ്ന ആരോപണം ഉന്നയിച്ചിട്ടില്ലെന്നാണ് മൊഴിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജയില്‍ ഡിഐജി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഉടന്‍ സര്‍ക്കാരിന് കൈമാറും.