സി.എം.രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും ; ഒരാഴ്ചത്തെ വിശ്രമം വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്

മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. ആശുപത്രി വിട്ടാലും ഒരാഴ്ചത്തെ വിശ്രമം വേണമെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം. കഴിഞ്ഞദിവസം നടത്തിയ എംആര്‍ഐ സ്‌കാനില്‍ കഴുത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍ പറയുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയതിനു പിന്നാലെ കടുത്ത തലവേദന, ന്യൂറോ പ്രശ്‌നങ്ങള്‍, ശ്വാസംമുട്ട് തുടങ്ങിയ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സി.എം.രവീന്ദ്രന്‍ ചൊവ്വാഴ്ച മെഡിക്കല്‍ കോളജിലെത്തിയത്. ആശുപത്രിയിലായതിനാല്‍ കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സാധിക്കില്ലെന്നു രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചിരുന്നു.

ഇതോടെ മൂന്നാം തവണയാണ് സി.എം രവീന്ദ്രന്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാകുന്നത്. ഇഡി ആദ്യമായി ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ രവീന്ദ്രന്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായി. രോഗമുക്തനായ ശേഷം രണ്ടാമതും ഇഡി നോട്ടീസ് നല്‍കി. തുടര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് വാങ്ങി. എന്നാല്‍ കോവിഡാനന്തര പ്രശ്‌നങ്ങളുണ്ടെന്ന് കാണിച്ച് രവീന്ദ്രന്‍ വീണ്ടും ചികില്‍സ തേടുകയായിരുന്നു.

ചോദ്യം ചെയ്യാനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടതിനാല്‍ ഇഡിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്നത് നിര്‍ണായകമാണ്. രവീന്ദ്രന്റെ ആശുപത്രിവാസം ചോദ്യംചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള തന്ത്രമാണെന്ന് പ്രതിപക്ഷ നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. സി എം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഉന്നതരുടെ പേര് രവീന്ദ്രന്‍ പറയുമെന്ന് സംശയിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു