ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് ; ആശുപത്രികളിലെ ഒ.പി പ്രവര്‍ത്തനം നിലച്ചു
രാജ്യവ്യാപകമായി അലോപ്പതി ഡോക്ടര്‍മാര്‍ പണിമുടക്ക് നടത്തുന്നു. ഐ.എം.എയുടെ നേതൃത്വത്തിലുള്ള സമരത്തിന് കെ.ജി.എം.സി.ടി.എ അടക്കമുള്ള വിവിധ സംഘടനകള്‍ പിന്തുണ നല്‍കുന്നുണ്ട്. ഇതോടെ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലെ ഒപി പ്രവര്‍ത്തനം നിലച്ചു. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ അനുമതി നല്‍കിയതിനെതിരെയാണ് സമരം.
കോട്ടയത്തൊഴികെ മറ്റ് മെഡിക്കല്‍ കോളേജുകളില്‍ രാവിലെ ഒ.പി ടിക്കറ്റ് നല്‍കിയിരുന്നു. എന്നാല്‍ പലയിടത്തും രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍മാരെത്തിയില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അടിയന്തര കോവിഡ് ചികിത്സകള്‍ക്ക് മുടക്കമുണ്ടായില്ല. സമരത്തിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ രാജ്ഭവന് മുന്നില്‍ പ്രതിഷേധ ധര്‍ണയും സംഘടിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കോഴിക്കോട് ചില ഒ.പികളില്‍ പരിശോധന പൂര്‍ണമായും മുടങ്ങിയെങ്കിലും ചില ഒ.പികളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ പരിശോധനയ്‌ക്കെത്തി. ദൂരെ നിന്നുമെത്തിയ രോഗികളെയാണ് പരിശോധിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച സര്‍ജറികളും നടത്തുന്നില്ല. കോട്ടയത്ത് പണിമുടക്ക് അറിയാതെ ഇടുക്കി ആലപ്പുഴ ജില്ലകളില്‍ നിന്നടക്കം വന്ന രോഗികള്‍ ദുരിതത്തിലായി. ഒ.പി ബില്‍ഡിംഗിന് ഉള്ളിലേക്ക് പോലും രോഗികളെ പ്രവേശിപ്പിച്ചില്ല. ഇതു മൂലം വയസ്സായ രോഗികള്‍ ഇരിക്കാന്‍ പോലും ഇടമില്ലാതെ ദുരിതത്തിലായി. മലപ്പുറം ജില്ലയില്‍ ഒ.പികള്‍ പൂര്‍ണമായും ബഹിഷ്‌കരിച്ചു. അടിയന്തര ശാസ്ത്രകിയകളൊഴികെയുള്ള സര്‍ജറികളും നടത്തുന്നില്ല
ആയുര്‍വേദ പോസ്റ്റ് ഗ്രാജുവേറ്റുകള്‍ക്ക് വിവിധ തരം ശസ്ത്രക്രിയകള്‍ ചെയ്യാമെന്ന സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ ഉത്തരവിനെതിരെയാണ് പ്രതിഷേധം. സമരത്തിനെതിരെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന രംഗത്ത് വന്നിട്ടുണ്ട്. ഇന്ന് ആയുര്‍വേദ സംഘടനകളുടെ നേതൃത്വത്തില്‍ ആരോഗ്യ സംരക്ഷണ ദിനമായി ആചരിക്കുകയാണ് അവര്‍. അതിന്റെ ഭാഗമായി ഇന്ന് പരിശോധന സമയം വര്‍ധിപ്പിച്ചിട്ടുണ്ട്.