സംവിധായകന്‍ കിം കി ഡുക്ക് അന്തരിച്ചു
പ്രമുഖ ദക്ഷിണ കൊറിയന്‍ ചലച്ചിത്ര സംവിധായകന്‍ കിംകി ഡുക്ക് അന്തരിച്ചു.59 വയസ്സായിരുന്നു. കിം ലാത്വിയയില്‍ കോവിഡ് ബാധിച്ച് മരിച്ചു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത് .വെള്ളിയാഴ്ച കോവിഡാനന്തര ബുദ്ധിമുട്ടുകളെ തുടര്‍ന്ന് മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കാന്‍, ബെര്‍ലിന്‍, വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍ക്ക് ശേഷം നവംബര്‍ 20നാണ് കിം ലാത്വിയയില്‍ എത്തിയത്. നവംബര്‍ 20നാണ് അദ്ദേഹം ലാത്വിയയില്‍ എത്തിയതെന്നും ലാത്വിയന്‍ നഗരമായ ജര്‍മ്മലയില്‍ ഒരു വീട് വാങ്ങാന്‍ പദ്ധതിയുണ്ടായിരുന്നുവെന്നും റെസിഡന്റ് പെര്‍മിറ്റിന് അപേക്ഷിക്കാനായിരുന്നു ആലോചനയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
1960 ഡിസംബര്‍ 20-ന് ദക്ഷിണ കൊറിയയിലെ ക്യോങ്‌സങ് പ്രവിശ്യയിലെ ബോംഗ്വയിലാണ് കിം കി ഡുക് ജനിച്ചത്. 1995-ല്‍ കൊറിയന്‍ ഫിലിം കൗണ്‍സില്‍ നടത്തിയ ഒരു മത്സരത്തില്‍ കിം കി ഡുകിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയത് അദ്ദേഹത്തിന് വഴിത്തിരിവായി.1996ല്‍ ‘ക്രോക്കഡൈല്‍’ ആണ് കിമ്മിന്റെ ആദ്യചിത്രം. വൈല്‍ഡ് ആനിമല്‍സ്, ബേഡ്‌കേജ് ഇന്‍, ദി ഐല്‍, അഡ്രസ് അണ്‍നോണ്‍, ബാഡ് ഗയ്, ദി കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ ചിത്രങ്ങള്‍ തുടര്‍ന്നെത്തി. 2003ല്‍ പുറത്തിറങ്ങിയ ‘സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്‍ഡ് സ്പ്രിംഗ്’ ആണ് അന്തര്‍ദേശീയ തലത്തില്‍ അദ്ദേഹത്തിന് അംഗീകാരം നേടിക്കൊടുത്ത ചിത്രം.
2004-ല്‍ കിം കി ഡുക് മികച്ച സംവിധായകനുള്ള രണ്ട് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി- സമരിറ്റന്‍ ഗേള്‍ എന്ന ചിത്രത്തിന് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും ത്രീ-അയേണ്‍ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും നേടി.സ്‌പേസ്, ടൈം ആന്‍ഡ് ഹ്യൂമന്‍, സ്പ്രിങ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്റ് സ്പ്രിങ്, സമരിറ്റന്‍ ഗേള്‍, ത്രീ അയേണ്‍, വൈല്‍ഡ് ആനിമല്‍സ്, ബ്രിഡ്‌കേജ് ഇന്‍, റിയല്‍ ഫിക്ഷന്‍, The Isle, അഡ്രസ് അണ്‍നോണ്‍, ബാഡ് ഗയ്, ദി കോസ്റ്റ് ഗാര്‍ഡ്, ദി ബോ, ബ്രീത്ത്, ഡ്രീം, പിയാത്ത, മോബിയസ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍.
കേരളത്തിലും നിരവധി ആരാധകരാണ് അദ്ദേഹത്തിനുള്ളത്. മലയാളികള്‍ക്ക് കിം കി ഡുക്കിനെ പരിചയപ്പെടുത്തിക്കൊടുത്തത് വര്‍ഷാ വര്‍ഷം തിരുവനന്തപുരത്തു നടന്നു വരുന്ന ഐഎഫ്എഫ്‌കെ ആണ്. 15 വര്‍ഷം മുന്‍പ് നടന്ന ചലച്ചിത്രോത്സവത്തില്‍ കിമ്മിന്റെ പ്രധാന ചിത്രങ്ങള്‍ അടങ്ങിയ റെട്രോസ്‌പെക്ടീവ് ഉണ്ടായിരുന്നു.